ജൂലൈയില്‍ കാനഡയിലെ ഭവന വില ഉയര്‍ന്നു; ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്ക്  

By: 600002 On: Aug 19, 2023, 10:54 AM

 


കാനഡയിലെ വീടുകളുടെ വില ജൂണില്‍ നിന്ന് ജൂലൈയില്‍ 2.4 ശതമാനം ഉയര്‍ന്നതായി ടെറാനെറ്റ്-നാഷണല്‍ ബാങ്ക് കോമ്പോസിറ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലാമത്തെ പ്രതിമാസ വര്‍ധനവും ഒരു മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വില വര്‍ധനവുമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, ജൂലൈയിലെ മൊത്തത്തിലുള്ള കോമ്പോസിറ്റ് ഇന്‍ഡക്‌സ് 1.9 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്തെ 11 വിപണികളില്‍ എട്ടെണ്ണത്തില്‍ വീടുകളുടെ വില ഉയര്‍ന്നു. ഹാലിഫാക്‌സില്‍ 4.9 ശതമാനം ഉയര്‍ന്നപ്പോള്‍ വാന്‍കുവറില്‍ 3.9 ശതമാനവും ടൊറന്റോയില്‍ 3.5 ശതമാനവും വീടുകളുടെ വിലയില്‍ വര്‍ധന ഉണ്ടായി. 

ജൂലൈ മാസത്തെ ഭവന വില്‍പ്പനയില്‍ രണ്ട് വര്‍ഷത്തിലേറെയായി ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവ് ഉണ്ടായതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമ്മര്‍സീസണില്‍ ദേശീയ ഭവന വിപണി സ്ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ജൂണ്‍ മുതല്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.