ഹെപ്പറ്റൈറ്റിസ് എ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മോണ്‍ട്രിയല്‍ ഓബെര്‍ ഷെ ജീന്‍ ഹോസ്റ്റലില്‍(Auberge Chez Jean) താമസിച്ച ഗസ്റ്റുകള്‍ക്ക് മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച ഒരാള്‍ സ്ഥിരമായി ഇവിടെയെത്തിയിരുന്നുവെന്നും അതിനാല്‍ ഇയാളില്‍ നിന്നും മറ്റ് ആളുകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
മോണ്‍ട്രിയലില്‍ കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന സമയമായതിനാല്‍ രോഗ ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ജൂലൈ 29 നും ആഗസ്റ്റ് 18 നും ഇടയില്‍ 4136 ഹെന്റി-ജൂലിയന്‍ അവന്യുവില്‍ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലില്‍ സന്ദര്‍ശിച്ച വ്യക്തികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഒഷേഗ സംഗീതോത്സവും മോണ്‍ട്രിയല്‍ പ്രൈഡ് വീക്കും നടക്കുന്ന സമയമായതിനാല്‍ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. എത്ര പേര്‍ക്ക് രോഗബാധ സാധ്യതയുണ്ടെന്ന് നിലവില്‍ വ്യക്തമല്ല. ഹോസ്റ്റലില്‍ എത്തിയ എല്ലാ താമസക്കാരും രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിശോധനയ്ക്ക് ശേഷം 50 ദിവസത്തേക്ക് രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ യുടെ രോഗലക്ഷണങ്ങളുള്ള ആരെങ്കിലും ഉടന്‍ തന്നെ ഹെല്‍ത്ത് പ്രൊവൈഡറെ സമീപിക്കണമെന്നും അവരുടെ രോഗബാധയെക്കുറിച്ച് ഹെല്‍ത്ത് സെന്ററില്‍ വിവരമറിയിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.