തട്ടിപ്പിന്റെ പുതിയ രീതികൾ, വാഹനം വാങ്ങുമ്പോൾ ജാഗ്രത പാലിക്കുക

By: 600110 On: Aug 18, 2023, 6:14 PM

 

 

ഒന്റാരിയോയിൽ നിന്നുള്ള ഒരു മെഡിക്കൽ സ്കൂൾ ബിരുദധാരിയായ സമീർ, അടുത്തിടെ ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ നിന്ന് ഉപയോഗിച്ച ഒരു കാർ വാങ്ങിയതിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ചു. വിലകൂടിയ യൂസ്ഡ് കാർ വിപണിയുടെ വെല്ലുവിളികൾ നേരിട്ട സമീർ, 7,500 ഡോളറിന് 163,000 കിലോമീറ്റർ ഓടിയ 2013 മോഡൽ കിയ ഒപ്റ്റിമ ഹൈബ്രിഡ് സ്വന്തമാക്കി. ഡ്രൈവ്‌വേ സ്ഥലം പരിമിതമാണ് എന്നും തന്റെ ഭാര്യയുടെ പേരിലാണ് വിൽക്കുന്നത് എന്നുമാണ് വിൽപ്പനക്കാരൻ അറിയിച്ചത്. വിൽപ്പന പെട്ടെന്ന് തന്നെ നടത്തണം എന്നും ഇയാൾ അറിയിച്ചു. ഇടപാട് പൂർത്തിയാക്കിയ ശേഷമാണ് ഓഡോമീറ്ററിൽ കൃത്രിമം കാണിച്ചതായി സമീർ കണ്ടെത്തുന്നത്. കാർ യഥാർത്ഥത്തിൽ 265,000 കിലോമീറ്റർ സഞ്ചരിച്ചിരുന്നു.

ആയിരക്കണക്കിന് കിലോമീറ്ററുകൾ മായ്ച്ചുകളയുന്ന രീതിയിൽ ഓഡോമീറ്ററുകളിൽ കൃത്രിമം കാണിക്കാൻ കുറ്റവാളികൾ വിവിധ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. രജിസ്റ്റർ ചെയ്ത ഡീലർമാരുടെ സംരക്ഷണം ഇല്ലാത്തതിനാൽ സ്വകാര്യമായി വാഹനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തനിക്ക് ഉണ്ടായ അനുഭവം ഇത്തരം വഞ്ചനാപരമായ രീതികൾക്കെതിരെ ജാഗ്രത പുലർത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുമെന്ന് സമീർ പ്രതീക്ഷിക്കുന്നു.