സ്തനാർബുദ രോഗികൾക്ക് റേഡിയേഷൻ ചികിത്സ ഒഴിവാക്കാനാകുമെന്ന് പഠനം

By: 600110 On: Aug 18, 2023, 6:10 PM

 

 

നേരത്തെ തിരിച്ചറിഞ്ഞതും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ സ്തനാർബുദമുള്ള പ്രായം ചെന്ന സ്ത്രീകൾക്ക് റേഡിയേഷൻ ചികിത്സ ഉപേക്ഷിക്കാൻ കഴിയുമെന്നും അതുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളിൽ നിന്ന് അവരെ ഒഴിവാക്കാൻ സാധിക്കുമെന്നും ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. കാനഡയിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ കാൻസർ തരമാണ് സ്തനാർബുദം. ഇത് എട്ട് സ്ത്രീകളിൽ ഒരാളെ ബാധിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സാധാരണഗതിയിൽ പ്രാരംഭ ഘട്ടത്തിൽ, കുറഞ്ഞ അപകടസാധ്യതയുള്ള സ്തനാർബുദം ബാധിച്ച രോഗികൾ ശസ്ത്രക്രിയയ്ക്ക് ശേഷം റേഡിയേഷനും ഹോർമോൺ തെറാപ്പിക്കും വിധേയരാകുന്നു. എന്നാൽ 55 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഈ പഠനം പറയുന്നത്, കുറഞ്ഞ അപകടസാധ്യതയുള്ള സ്റ്റേജ് 1 സ്തനാർബുദത്തിന് ഹോർമോൺ തെറാപ്പിക്കൊപ്പം ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മതിയായ ചികിത്സയാണെന്നാണ്. മക്മാസ്റ്റർ യൂണിവേഴ്സിറ്റി, ഹാമിൽട്ടൺ ഹെൽത്ത് സയൻസസ്, ബിസി കാൻസർ, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവ സംയുക്തമായാണ് ഗവേഷണം നടത്തിയത്. ട്യൂമറുകൾ സാവധാനത്തിൽ വളരുന്ന ലുമിനൽ എ സ്തനാർബുദത്തിൽ ശ്രദ്ധയൂന്നി നടത്തിയ പഠനത്തിന്റെ ഫലം, ചില രോഗികൾക്ക് റേഡിയേഷൻ ആവശ്യമില്ലെന്ന് സൂചിപ്പിക്കുന്നു. വിദഗ്ധർ ഈ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, റേഡിയേഷൻ ഒഴിവാക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്ന് സമഗ്രമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.