കനേഡിയന്‍ ജനസംഖ്യയുടെ 75 ശതമാനത്തിനും 2023 മാര്‍ച്ച് മാസത്തോടെ കോവിഡ് രോഗം ബാധിച്ചതായി പഠനത്തില്‍ കണ്ടെത്തി. ഏഴോളം ഗവേഷണ പഠനങ്ങളുമായി സഹകരിച്ച് കോവിഡ്-19 ഇമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സിലെ(സിഐടിഎഫ്) ഗവേഷകര്‍ കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകള്‍ നടത്തിയത്. പ്രിവാക്‌സിനേഷന്‍( 2020 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ), വാക്‌സിന്‍ റോള്‍-ഔട്ട്( 2020 ഡിസംബര്‍ മുതല്‍ 2021 നവംബര്‍ വരെ), ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം( 2021 ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ) എന്നിങ്ങനെ വാക്‌സിനേഷന്റെ മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്.
തുടക്കത്തില്‍ കോവിഡ് വ്യാപനം പതുക്കെയായിരുന്നുവെങ്കിലും പിന്നീട് വേഗത ആര്‍ജിച്ചു. വാക്‌സിനേഷന്‍ ആരംഭിച്ചതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതും കേസുകളുടെ എണ്ണം വീണ്ടും കുറയാന്‍ കാരണമായി. എന്നാല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം കോവിഡ് നിരക്ക് 75 ശതമാനം എന്നതിലേക്ക് അതിവേഗത്തിലെത്തിച്ചതായി ഗവേഷകര്‍ പറഞ്ഞു.