ബ്രിട്ടീഷ് കൊളംബിയയിലെ കെലോനയില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. ഈ സീസണിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയാണ് ബീസിയില്‍ ഉണ്ടാകാന്‍ പോവുകയെന്ന പ്രവചനങ്ങള്‍ക്ക് പിന്നാലെയാണ് കെലോനയില്‍ കാട്ടുതീ അതിവേഗം വ്യാപിക്കുന്നത്. ഇവിടെ കാട്ടുതീ മുന്നറിയിപ്പുകളും ഒഴിപ്പിക്കല്‍ ഉത്തരവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മക്ഡൗഗല്‍ ക്രീക്കില്‍ നിന്നും കാട്ടുതീ ഒകനാഗന്‍ ലേക്കിന് കുറുകെ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഇതോടെ കെലോന സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെസ്റ്റ് കെലോനയ്ക്കും കെലോനയ്ക്കും ഇടയില്‍ 14 കിലോമീറ്ററോളം ഭാഗത്ത് രണ്ട് ദിശകളിലേക്കും ഹൈവേ 97 അടച്ചിട്ടുണ്ട്. ഒക്കനാഗന്‍ നഗരത്തില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ക്ലിഫ്ടണ്‍ റോഡ് നോര്‍ത്ത്, മക്കിന്‍ലി, ഹിഡന്‍ ലേക്ക്, സ്റ്റില്‍ പോണ്ട് എന്നീ പ്രദേശങ്ങളിലും ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മക്കിന്‍ലി ബീച്ച് മുതല്‍ ജോണ്‍ ഹിന്‍ഡില്‍ റോഡ് വരെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിപ്പിക്കല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.