കാനഡയിലുടനീളം ഫാമിലി ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കുന്നതായി റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ ക്ഷാമം സംബന്ധിച്ച് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷനും(CMA) ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ സര്‍വേയില്‍ രാജ്യത്ത് പകുതിയിലധികം പേര്‍ക്കും പ്രൈമറി കെയര്‍ ഫിസിഷ്യന്മാരില്ലെന്ന് കണ്ടെത്തി. കൂടാതെ നിലവില്‍ കൃത്യസമയത്ത് ഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കനേഡിയന്‍ പൗരന്മാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടര്‍ ഇല്ലെന്ന് കണ്ടെത്തി.
ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ പ്രയാസകരമാണെന്ന് 29 ശതമാനം അഭിപ്രായപ്പെട്ടു. ഫാമിലി ഡോക്ടറെ സമീപിക്കുന്നതിന് സാധാരണയായി കുറച്ചുദിവസമെടുക്കുമെന്ന് 37 ശതമാനം പേരും പറയുന്നു. അതേസമയം, 15 ശതമാനം പേര്‍ പറയുന്നത് തങ്ങള്‍ ഉടന്‍ ഡോക്ടറെ സമീപിക്കാന്‍ പോവുകയാണെന്നാണ്.
2022 ലെ CMA റിപ്പോര്‍ട്ടില്‍, മറ്റ് മെഡിക്കല്‍ അല്ലെങ്കില്‍ സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെ അപേക്ഷിച്ച് ഫാമിലി ഫിസിഷ്യന്മാരുടെ നിരക്ക് ഏറ്റവും കുറവാണ്. ഫാമിലി ഫിസിഷ്യന്മാരുടെ ക്ഷാമം വലിയ പ്രതിസന്ധിയാണ് രോഗികളില്‍ ഉണ്ടാക്കുന്നത്. കൃത്യസമയത്ത് ഡോക്ടറെ കാണാന്‍ സാധിക്കാതെ വരുന്ന മിക്കവര്‍ക്കും രോഗം മൂര്‍ച്ഛിക്കുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ജോലി ഭാരം വര്‍ധിച്ചതും, വര്‍ക്ക്-ലൈഫ് ബാലന്‍സ് പ്രതികൂലമായി മാനസികാരോഗ്യത്തെ ബാധിച്ചതുമാണ് ഫാമിലി ഡോക്ടര്‍മാരില്‍ റെക്കോര്‍ഡ് കുറവുണ്ടാകാന്‍ കാരണമെന്ന് ചില ഫാമിലി ഫിസിഷ്യന്മാര്‍ പ്രതികരിക്കുന്നു.