പൈലറ്റ് ട്രെയിനിംഗ് വേഗത്തിലാക്കാന്‍ പുതിയ പ്രോഗ്രാം അവതരിപ്പിച്ച് ഫ്‌ളെയര്‍ എയര്‍ലൈന്‍സ് 

By: 600002 On: Aug 18, 2023, 10:51 AM

 

 

വിമാനങ്ങളില്‍ കഴിവുറ്റതും കാര്യക്ഷമവുമായ പൈലറ്റുമാരെ നിയമിക്കാന്‍ പുതിയ പൈലറ്റ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുമെന്ന് ഫ്‌ളെയര്‍ എയര്‍ലൈന്‍സ്. 18 മാസത്തിനുള്ളില്‍ കമ്പനിയുടെ ബോയിംഗ് 737 ജെറ്റുകളില്‍ ഒന്നില്‍ പൈലറ്റുമാരെ നിയമിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. കാനഡയില്‍ പരിശീലനം കഴിഞ്ഞിറങ്ങുന്ന പുതിയ പൈലറ്റുമാര്‍ക്ക് വലിയ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ ജോലി ലഭിക്കുന്നതിന് എടുക്കുന്ന സമയദൈര്‍ഘ്യം കണക്കിലെടുത്ത് പ്രോഗ്രാം വേഗത്തിലാക്കുമെന്ന് എഡ്മന്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വ്യക്തമാക്കുന്നു. ലാര്‍ജ് ബോയിംഗ് 737, എയര്‍ബസ് A320 ജെറ്റുകളില്‍ ഫസ്റ്റ് ഓഫീസര്‍ റോളുകള്‍ക്കായി എന്‍ട്രി ലെവല്‍ പൈലറ്റുമാരെ നേരിട്ട് പരിശീലിപ്പിക്കുന്ന യൂറോപ്പിലെ ചില പ്രോഗ്രാമുകള്‍ക്ക് സമാനമായ പ്രോഗ്രാമാണ് കാനഡയിലും ആരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 

സുരക്ഷയ്ക്കായി ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പാലിക്കാനും ഉയര്‍ന്ന പരിശീലനം ലഭിച്ച പൈലറ്റുമാരുടെ ശൃംഖല സൃഷ്ടിക്കാനും പ്രോഗ്രാമിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വ്യക്തമാക്കി. കോവിഡ് പാന്‍ഡെമിക്കിന്റെ ആഘാതം, പ്രായമാകുന്ന ജീവനക്കാര്‍, തൊഴില്‍ വിതരണത്തിലെ സമ്മര്‍ദ്ദം, ലോ കോസ്റ്റ് എയര്‍ലൈനുകളുടെ ദ്രുതഗതിയിലുള്ള വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ നോര്‍ത്ത് അമേരിക്കയിലെ വ്യോമയാന മേഖലയില്‍ പൈലറ്റ് ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ കമ്പനി തുടങ്ങുന്ന പുതിയ പ്രോഗ്രാം പൈലറ്റുമാരുടെ വിടവ് നികത്തുമെന്ന് ഫ്‌ളെയര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.