ബീസിയില്‍ കാട്ടുതീ രൂക്ഷമാകും; സ്ഥിതി മോശമാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് 

By: 600002 On: Aug 18, 2023, 9:30 AM

 

 

ബ്രിട്ടീഷ് കൊളംബിയയില്‍ ഈ സീസണിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരള്‍ച്ചയും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന കാട്ടുതീ അടുത്ത 48 മണിക്കൂറിനുള്ളില്‍ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. സമീപകാലത്തെ ഉയര്‍ന്ന താപനില പ്രവിശ്യയില്‍ പുതിയ കാട്ടുതീയ്ക്ക് കൂടുതല്‍ സാധ്യത സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ കാട്ടുതീയുടെ മുന്നറിയിപ്പുകള്‍ ജനങ്ങളോട് സൂക്ഷമായി നിരീക്ഷിക്കാന്‍ വനം മന്ത്രി ബ്രൂസ് റാള്‍സ്റ്റണ്‍ അറിയിച്ചു. 

പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എണ്‍വയോണ്‍മെന്റ് കാനഡ കാട്ടുതീ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാട്ടുതീയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടികള്‍ നേരിടേണ്ടി വന്നേക്കാം. ജനങ്ങള്‍ എല്ലാവിധ മുന്‍കരുതലുകളുമെടുക്കണമെന്നും തയാറായിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് ക്ലൈമറ്റ് റെഡിനസ് മിനിസ്റ്റര്‍ ബോവിന്‍ മാ അറിയിച്ചു.