നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസില്‍ കാട്ടുതീ രൂക്ഷമാകുന്നതിനെ തുടര്‍ന്ന് യെല്ലോനൈഫില്‍ നിന്നും കൂടുതല്‍ കമ്മ്യൂണിറ്റികളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. യെല്ലോനൈഫിലെയും അടുത്തുള്ള രണ്ട് ഫസ്റ്റ് നേഷന്‍സിലെയും താമസക്കാരെ വെള്ളിയാഴ്ച ഉച്ചയോടെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടുതീ നഗരത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് തലസ്ഥാനമായ യെല്ലോനൈഫില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 20,000 പേരെയാണ് യെല്ലോനൈഫില്‍ നിന്ന് ഒഴിപ്പിക്കുന്നത്.
കാട്ടുതീ സംബന്ധിച്ച പ്രതിസന്ധികളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ഗ്രൂപ്പിന്റെ യോഗം വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം കാനഡയിലുടനീളം ഉണ്ടായ 5,500 കാട്ടുതീയുടെ ആഘാതങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. രാജ്യത്ത് കാട്ടുതീ ബാധിച്ച ആളുകള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ പങ്കാളികളുമായി സഹകരിക്കാന്‍ ട്രൂഡോ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
അതേസമയം, നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസില്‍ നിന്നുള്ള കാട്ടുതീ പുക ഈ വാരാന്ത്യത്തില്‍ ഈസ്റ്റേണ്‍ കാനഡയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസില്‍ നിയന്ത്രണാതീതമായി വ്യാപിക്കുന്ന കാട്ടുതീ കാനഡയിലുടനീളമുള്ള കമ്മ്യൂണിറ്റികളില്‍ വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഇതുവരെ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിന്റെ നാലിരട്ടി വലിപ്പമുള്ള പ്രദേശം കാട്ടുതീയില്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പല കമ്മ്യൂണിറ്റികളിലും മങ്ങിയതും ഇരുണ്ടതുമാണ് അന്തരീക്ഷമാണ് പുക മൂലം സൃഷ്ടിച്ചിരിക്കുന്നത്.