ലക്ഷകണക്കിന് ആളുകള്‍ കാല്‍ഗറിയിലേക്ക് കുടിയേറുന്നു; സാധാരണക്കാരന്റെ ജീവിത ചിലവേറുന്നു 

By: 600002 On: Aug 11, 2023, 12:06 PM

ഫെഡറല്‍ സര്‍ക്കാരിന്റെ വിപുലീകരിച്ച ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ ലക്ഷകണക്കിനാളുകളെ കാല്‍ഗറിയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു. കൂടാതെ, ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനും വര്‍ധിച്ചതിനാല്‍ നഗരത്തില്‍ ജീവിക്കാനായി വരുന്നവർക്ക് താങ്ങാനാവുന്ന വിലയില്‍ വീട് ലഭിക്കുക എന്നത് അസാധ്യമായി മാറുകയാണ്. വീടുകളുടെ ലഭ്യതക്കുറവും വിലയിലുണ്ടാകുന്ന മാറ്റങ്ങളും കുടിയേറി നഗരത്തിലെത്തുന്നവരെ വലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് നഗരങ്ങളെപ്പോലെ, ഒരു ദശാബ്ദത്തിലേറെയായി കുറഞ്ഞ പലിശ നിരക്കുകളും കോവിഡ് മൂലം വലിയ ലിവിംഗ് സ്‌പേസുകളിലേക്കുള്ള മാറ്റവും ഭവന വിപണികളിലും വിലയിലും മാറ്റം വരുത്തി. 

Rentals.ca യുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈയില്‍ കാല്‍ഗറിയില്‍ ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 14.5 ശതമാനം വാടക വര്‍ധിച്ചു. വാന്‍കുവര്‍, ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവടങ്ങളില്‍ വര്‍ഷാ വര്‍ഷം വാടക വര്‍ധിക്കുന്നുണ്ട്. സിറ്റി ഓഫ് കാല്‍ഗറിയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് നഗരത്തിലുടനീളം വാടകയില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം വര്‍ധനയുണ്ടായെന്നാണ്. 2012 മുതല്‍ 2021 വരെ ടു ബെഡ്‌റൂം വാടക ശരാശരി 16.3 ശതമാനം മാത്രമാണ് ഉയര്‍ന്നതെന്ന് പ്രവിശ്യാ ഡാറ്റ കാണിക്കുന്നു.