ഓയിൽ പമ്പിൽ തീപിടുത്തത്തിന് സാധ്യത, 63000 ലേറെ വാഹനങ്ങൾ തിരികെ വിളിച്ച് ഹ്യുണ്ടായ്

By: 600110 On: Aug 17, 2023, 6:53 PM

 

 

ഓയിൽ പമ്പിൽ തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാനഡയിലും യു.എസിലുമായി 63,128 പുതിയ മോഡൽ വാഹനങ്ങൾ ഹ്യുണ്ടായ് തിരിച്ചുവിളിക്കുന്നു. രണ്ട് രാജ്യങ്ങളിലും വിൽപ്പനയ്‌ക്കായി നിർമ്മിച്ച പാലിസേഡ്, ടക്‌സൺ, സൊണാറ്റ, എലാൻട്ര, കോന എന്നിവയുടെ 2023-24 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. മൊത്തം 11,120 വാഹനങ്ങൾ കാനഡയ്‌ക്ക് വേണ്ടിയും, 52,008 വാഹനങ്ങൾ യു. എസ്സിന് വേണ്ടിയും നിർമ്മിച്ചതാണ്. വാഹനങ്ങൾ തിരികെ വിളിച്ച് പ്രശ്നം പരിഹരിക്കുന്നതു വരെ അവ വീടിന് പുറത്ത് കെട്ടിടങ്ങളിൽ നിന്നും ദൂരെയായി പാർക്ക് ചെയ്യാൻ കമ്പനി ഉടമകളെ ഉപദേശിക്കുന്നു. കമ്പനി സൗജന്യമായി മാറ്റി നൽകുന്ന വൈദ്യുത ഓയിൽ പമ്പ് കൺട്രോളർ പരിശോധിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമായി ഒരു ഹ്യൂണ്ടായ് ഡീലറുടെ അടുത്ത് വാഹനങ്ങൾ കൊണ്ടുവരുന്നതിനുള്ള അറിയിപ്പുകൾ ഉടമകൾക്ക് ലഭിക്കും.

ഓയിൽ പമ്പിന്റെ ഘടകങ്ങൾക്ക് തീപിടിക്കാൻ സാധ്യതയുള്ള രീതിയിലുള്ള കേടുപാടുകൾ മൂലമാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. യു.എസ്സിലോ കാനഡയിലോ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടിംഗിൽ നിന്നും അമിത ചൂടിൽ നിന്നുമുള്ള തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ ഇതേ മാതൃ കമ്പനിക്ക് കീഴിലുള്ള കിയ മോട്ടോഴ്സും കാനഡയിൽ 10,000 വാഹനങ്ങൾ സമാനമായ രീതിയിൽ തിരികെ വിളിച്ചിരുന്നു.