ഗ്രൂപ്പ് ടൂറുകള്‍ക്കുള്ള അപ്രൂവ്ഡ് ലിസ്റ്റില്‍ നിന്നും കാനഡയെ ഒഴിവാക്കി ചൈന 

By: 600002 On: Aug 17, 2023, 11:46 AM

 

 

 

ഗ്രൂപ്പ് ടൂറുകള്‍ക്കുള്ള അപ്രൂവ്ഡ് ലിസ്റ്റില്‍ നിന്നും കാനഡയെ ചൈന ഒഴിവാക്കി. കോവിഡ് പാന്‍ഡെമിക് സമയത്ത് വിവിധ രാജ്യങ്ങളിലേക്ക് ഗ്രൂപ്പ് ടൂര്‍ ചൈന നിരോധിച്ചിരുന്നു. ഈ വര്‍ഷം ഈ നിരോധനം പിന്‍വലിച്ചു. എന്നാല്‍ കാനഡയിലേക്കുള്ള ഗ്രൂപ്പ് സന്ദര്‍ശനങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈന നിരോധനം തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ചൈനയുടെ ഇടപെടല്‍ ഉണ്ടായതായുള്ള ആരോപണം കാനഡ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഒഴിവാക്കലിനെ കുറിച്ച് ഓട്ടവയിലെ ചൈനീസ് എംബസി കാരണമായി പറയുന്നത്. കൂടാതെ ഏഷ്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇതിന് കാരണമായെന്ന് എംബസി സൂചിപ്പിക്കുന്നു. 

ചൈനയുടെ സാംസ്‌കാരിക ടൂറിസം മാന്ത്രാലയം പ്രഖ്യാപിച്ച മാറ്റത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ലോകത്തെ 70 രാജ്യങ്ങളില്‍ കൂടി ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കും. 

വിദേശ ചൈനീസ് പൗരന്മാരുടെ സുരക്ഷയും നിയമാനുസൃതമായ അവകാശങ്ങളും സംരക്ഷിക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ അവര്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തില്‍ സഞ്ചരിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി.