ഫെഡറല്‍ സര്‍ക്കാരിന്റെ കോവിഡ് ആനുകൂല്യങ്ങളില്‍ നിന്ന് 20,000 ഡോളര്‍ തട്ടിയ മുന്‍ കനേഡിയന്‍ റെവന്യു ഏജന്‍സി ജീവനക്കാരി അറസ്റ്റിലായി 

By: 600002 On: Aug 17, 2023, 10:00 AM

 

കാനഡയില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ രണ്ട് ബെനിഫിറ്റ് പ്രോഗ്രാമില്‍ നിന്നും തട്ടിപ്പ് കാണിച്ച് പണം തട്ടിയ മുന്‍ കാനഡ റെവന്യു ഏജന്‍സി ജീവനക്കാരി അറസ്റ്റിലായി. യുക്കോണിലെ ഡോസണ്‍ സിറ്റിയില്‍ നിന്നുള്ള മെലിസ ജെന്‍സണ്‍ വെബ്ബ്(39)  കേസില്‍ അറസ്റ്റിലായതായി ആല്‍ബെര്‍ട്ട ആര്‍സിഎംപി അറിയിച്ചു. കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ്(CERB),  കാനഡ റിക്കവറി കെയര്‍ഗിവിംഗ് ബെനിഫിറ്റ്(CRCB)എന്നിവ ക്ലെയിം ചെയ്ത് 20,000 ഡോളര്‍ പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. കോവിഡ് പാന്‍ഡെമിക് സമയത്തെ ആനുകൂല്യങ്ങളാണിവ.  

2020 ഏപ്രിലിലാണ് മെലിസ തട്ടിപ്പ് നടത്താന്‍ ആരംഭിച്ചത്. അത് 2021 ജനുവരി വരെ തുടര്‍ന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കാനഡ റെവന്യു ഏജന്‍സി കേസ് പോലീസിന് റഫര്‍ ചെയ്യുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ മെലിസയാണ് പ്രതിയെന്ന് ആല്‍ബെര്‍ട്ട ആര്‍സിഎംപിയുടെ ഫിനാന്‍ഷ്യല്‍ ക്രൈം ടീം കണ്ടെത്തുകയുമായിരുന്നു. തട്ടിപ്പ് നടത്തുന്ന കാലയളവില്‍ ഏജന്‍സി ജീവനക്കാരിയായി ആല്‍ബെര്‍ട്ടയിലാണ് മെലിസ ജോലി ചെയ്തിരുന്നത്.