കാട്ടുതീ: യെല്ലോനൈഫില്‍ ഇവാക്വേഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു

By: 600002 On: Aug 17, 2023, 9:38 AM

 

നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസില്‍ നിയന്ത്രണാതീതമായി കാട്ടുതീ പടരുന്നതിനാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിന് പുറത്ത് അതിര്‍ത്തിയില്‍ വ്യാപിക്കുന്ന കാട്ടുതീ നഗരത്തിലേക്ക് പടര്‍ന്നേക്കാമെന്ന ആശങ്കയെ തുടര്‍ന്ന്  യെല്ലോനൈഫിലെ താമസക്കാരോട് ഒഴിയാനായി അധികൃതര്‍ ഉത്തരവിട്ടു. നഗരത്തിന് പുറത്ത് ഏകദേശം 17 കിലോമീറ്റര്‍ മാത്രം അകലെയായാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. ഇത് വേഗത്തില്‍ നഗരത്തിനടുത്തേക്കെത്താം. അതിനാല്‍ പ്രദേശങ്ങളിലെ ആളുകള്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസ് എണ്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് മിനിസ്റ്റര്‍ ഷെയ്ന്‍ തോംസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മഴയില്ലാത്തതിനാല്‍ കാട്ടുതീ ശക്തിപ്രാപിക്കുമെന്നും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്കെത്താന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 ത്തോളം താമസക്കാരാണ് യെല്ലോനൈഫിലുള്ളത്. ഘട്ടം ഘട്ടമായി ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. വെള്ളിയാഴ്ച ഉച്ചയോടെ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടുകളൊഴിയണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗ്രേസ് ലേക്ക്, കാം ലേക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയ, എംഗിള്‍ ബിസിനസ് ഡിസ്ട്രിക്ട് എന്നിവയുള്‍പ്പെടെയുള്ള നഗരത്തിന്റെ വെസ്റ്റ്എന്‍ഡിലുള്ള താമസക്കാരെ ആദ്യം ഒഴിപ്പിക്കണമെന്ന് മന്ത്രി അറിയിച്ചു.