ആയുധധാരിയായ ഡെപ്യൂട്ടി പോലീസിന്റെ വെടിയേറ്റ് മരിച്ചു

By: 600084 On: Aug 17, 2023, 4:58 AM

പി പി ചെറിയാൻ, ഡാളസ്.

ലോസ് ഏഞ്ചല്‍സ്: ആയുധധാരിയായ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഡെപ്യൂട്ടി ഗോൾഫ് കോഴ്‌സിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഫോണ്ടാന ഗോള്‍ഫ് കോഴ്സില്‍ വെച്ചാണ് സംഭവം. കൊല്ലപ്പെട്ടയാള്‍ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ആണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞു.വൈകുന്നേരം 4 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം.

സിയറ ലേക്ക്‌സ് ഗോള്‍ഫ് ക്ലബ്ബിന്റെ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ 911 കോള്‍ അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. ഭര്‍ത്താവ് അവരുടെ വീടിനുള്ളില്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയാണെന്നാണ് വിളിച്ച യുവതി ഫോണ്ടാന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചത്.

വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി തോക്കുമായി ഗോള്‍ഫ് കോഴ്സിലേക്ക് പോയെന്നും വിളിച്ചയാള്‍ അറിയിച്ചു. ഇയാള്‍ രണ്ട് തോക്കുകളുമായാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. വെടിയുതിര്‍ത്തയാളെന്ന് സംശയിക്കുന്ന അലജാന്‍ഡ്രോ ഡയസ് (45) രണ്ട് തോക്കുകളുമായി ഉദ്യോഗസ്ഥര്‍ എത്തും മുമ്പെ സിയറ ലേക്ക്‌സ് ഗോള്‍ഫ് ക്ലബ്ബിലേക്ക് ഓടിക്കയറിയതായി പോലീസ് പറഞ്ഞു.

'അവിടെ അയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പോലീസിന് നേരെ വെടിയുതിര്‍ത്തു. ഇത് മോശമായിരുന്നു,' സംഭവത്തിന് സാക്ഷിയായ മൈഷ ഡോവ് പറഞ്ഞു. സിയറ ലേക്സ് ക്ലബ്ബിന് സമീപം ആയുധധാരിയായ ഒരാളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഫീസര്‍മാര്‍ ഇയാളെ നേരിട്ടു, അയാള്‍ക്ക് വെടിയേറ്റു.'വാക്കാല്‍ നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് ഏറ്റുമുട്ടല്‍ സംഭവിച്ചതെന്നും ഫോണ്ടാന പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.