ലോകാരോഗ്യ സംഘടന (WHO) യുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മങ്കിപോക്സ് (M പോക്സ്) കേസുകളുള്ള ആദ്യ 10 രാജ്യങ്ങളിൽ കാനഡയും ഉൾപ്പെടുന്നു. 2022 ജനുവരി 1 മുതൽ 2023 ഓഗസ്റ്റ് 9 വരെ ആഗോളതലത്തിൽ 89,308 M പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം തന്നെ ലബോറട്ടറിയിൽ സ്ഥിരീകരിച്ച കേസുകളാണ്. കനേഡിയൻ ഗവൺമെന്റിന്റെ ഡാറ്റ അനുസരിച്ച്, 2023 ജൂലൈ 28 വരെ കാനഡയിൽ 1,440 M പോക്സ് കേസുകൾ സ്ഥിരീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വ്യത്യസ്ത മാനദണ്ഡങ്ങളും ഡാറ്റ കട്ട് ഓഫ് സമയവും കാരണം ഇത് 1496 ആണ് എന്ന WHO യുടെ കണക്ക് അല്പം വ്യത്യസ്തമാണ്.
30,446 കേസുകളുമായി യു.എസ് ആണ് മുന്നിൽ. തുടർന്ന് ബ്രസീൽ, സ്പെയിൻ, കൊളംബിയ, മെക്സിക്കോ, പെറു, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങൾ രോഗവ്യാപനത്തിൽ അടുത്ത സ്ഥാനങ്ങളിലായി വരുന്നു. ജനുവരി മുതൽ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 82 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞ മാസത്തിൽ 1,020 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇവയിൽ അധികവും ചൈനയിലെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ വഴി ഉണ്ടായതാണ്. രോഗവ്യാപനം 113 രാജ്യങ്ങളെ ബാധിച്ചു. ചില രാജ്യങ്ങളിൽ ഇടയ്ക്കിടെ മാത്രമേ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. മറ്റു ചില ഇടങ്ങളിലാകട്ടെ, ഉയർന്ന കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ നടക്കുന്നുണ്ട്. M പോക്സ് വ്യാപനത്തെ കുറിച്ചുള്ള WHO യുടെ അടുത്ത അപ്‌ഡേറ്റ് സെപ്റ്റംബർ രണ്ടാം വാരത്തിൽ പ്രതീക്ഷിക്കുന്നു.