റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാത്രമല്ല, ഹോട്ടല്‍ മേഖലയിലും മെട്രോ വാന്‍കുവറില്‍ വില കുത്തനെ വര്‍ധിക്കുകയാണ്. ഉയര്‍ന്ന ഡിമാന്‍ഡും വിതരണവും മൂലം ഹോട്ടല്‍ നിരക്കുകളില്‍ വര്‍ധനയുണ്ടായി. Hotels.com ല്‍ വാന്‍കുവറില്‍ ഒരു രാത്രി താമസിക്കാനായുള്ള ഹോട്ടല്‍ റൂമിനായുള്ള തിരച്ചിലില്‍ ചൊവ്വാഴ്ച 300 ഡോളറില്‍ താഴെ ഒരു റൂമുകളും ലഭ്യമല്ല. പ്രൈവറ്റ് ഹോം, ഹോട്ടലുകള്‍, നഗരത്തിന് പുറത്തുള്ള ഹോട്ടലുകളിലെ മുറികള്‍ എന്നീ ലിസ്റ്റ് ചെയ്ത ഒന്നിലും കുറഞ്ഞ തുകയ്ക്ക് റൂമുകള്‍ ലഭ്യമല്ലെന്നത് വര്‍ധനയെ സൂചിപ്പിക്കുന്നു.
വരും ആഴ്ചകളിലും ഹോട്ടല്‍ റൂം നിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ പോലുള്ള സ്ഥലങ്ങളിലെ ഹോട്ടലില്‍ ഒരു രാത്രി റൂമില്‍ താമസിക്കാന്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുക വാന്‍കുവറിലെ ഹോട്ടലുകളില്‍ താമസിക്കാനായി നല്‍കേണ്ടി വരും.
ഹോട്ടല്‍ മുറികളുടെ കുറവ് നിരക്ക് വര്‍ധനയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെ അടുത്ത ദശകത്തില്‍ നഗരത്തില്‍ 5,000 ത്തോളം മുറികള്‍ കൂടി ആവശ്യമായി വരുമെന്ന് ഡെസ്റ്റിനേഷന്‍ വാന്‍കുവര്‍ പ്രസിഡന്റും സിഇഒയുമായ റോയ്‌സ് ച്വിന്‍ പറയുന്നു. നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും മെട്രോ വാന്‍കുവര്‍ എന്നും ആകര്‍ഷകമാക്കി നിലനിര്‍ത്താന്‍ മുറികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഹോട്ടല്‍, ടൂറിസം മേഖലയിലെ വിദഗ്ധര്‍ പറയുന്നു.