കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതായി ഫെഡറല്‍ ഹൗസിംഗ് മിനിസ്റ്റര്‍

By: 600002 On: Aug 16, 2023, 11:01 AM

 

ഉയര്‍ന്ന വരുമാനമുള്ള പ്രൊഫഷണലുകള്‍ക്ക് പോലും അഫോര്‍ഡബിളായ വീട് കാനഡയില്‍ കണ്ടെത്താന്‍ സാധിക്കാതെ വരുമ്പോള്‍ ഫെഡറല്‍ സര്‍ക്കാര്‍ ഹൗസിംഗ് ബിസിനസില്‍ നിന്നും ഒരിക്കലും പിന്മാറാന്‍  പാടില്ലെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മാറി മാറി അധികാരത്തില്‍ വന്ന ഫെഡറല്‍ സര്‍ക്കാരുകള്‍ രാജ്യത്ത് അഫോര്‍ഡബിളായ പാര്‍പ്പിടങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പരാജയപ്പെടുകയോ പിന്മാറുകയോ ചെയ്തു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 

താഴ്ന്ന വരുമാനമുള്ളവര്‍ക്ക് സബ്‌സിഡിയുള്ള ഭവനങ്ങള്‍ നല്‍കുന്നതില്‍ മുന്‍ ഫെഡറല്‍ സര്‍ക്കാരുകള്‍ കൂടുതല്‍ വ്യാപൃതരമായി. എന്നാല്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ വീട് വാങ്ങിക്കുന്നതില്‍ പാടുപെടാന്‍ തുടങ്ങി. ഇതില്‍ ഒരു മാറ്റം വരേണ്ടതാണ്. രാജ്യം ഭവന പ്രതിസന്ധിയെന്ന അസാധാരണ പ്രശ്‌നത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫ്രേസര്‍ ചൂണ്ടിക്കാട്ടി.

കമ്മ്യൂണിറ്റികളില്‍ ട്രാന്‍സിറ്റും കെട്ടിടങ്ങളും നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് അവിടെ ജീവിക്കാനും ജോലി ചെയ്യാനും അവസരം നല്‍കും. ഇന്‍കം സ്‌പെക്ട്രത്തിലുടനീളമുള്ള ആളുകള്‍ക്ക് ഭവന നിര്‍മാണം പ്രധാനമാണെന്നും സബ്‌സിഡികളിലൂടെയും മറ്റ് പ്രോത്സാഹനങ്ങളിലൂടെയും ഭവന നിര്‍മാണം വേഗത്തിലാക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.