നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസില്‍ കാട്ടുതീ നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൗത്ത് സ്ലേവ്, നോര്‍ത്ത് സ്ലേവ് റീജിയണലുകളിലെ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ട്ട് സ്മിത്ത്, ഹേ റിവര്‍ എന്നിവ അപകടാവസ്ഥയിലാണെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പടിഞ്ഞാറ് ഭാഗത്ത് നിന്നുമാണ് തീ പടരുന്നത് എന്നതിനാല്‍ യെല്ലോനൈഫിലും അപകടസാധ്യത വര്‍ധിച്ചു. യെല്ലോ നൈഫ് സിറ്റി തിങ്കളാഴ്ച രാത്രി പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ വിമാനമാര്‍ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
കാട്ടുതീയെ നേരിടാന്‍ നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസില്‍ കനേഡിയന്‍ സായുധ സേനാംഗങ്ങളെ വിന്യസിക്കുകയാണ്. 124 സൈനികരെയാണ് അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുന്നത്.
ചൊവ്വാഴ്ച വരെ, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസില്‍ 230 ലധികം കാട്ടുതീകള്‍ സജീവമാണ്. കൂടാതെ അഞ്ച് കമ്മ്യൂണിറ്റികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 21,000 ചതുരശ്ര കിലോമീറ്ററിലധികം കത്തിനശിച്ചുവെന്നാണ് കണക്കുകള്‍.