ചുറ്റുഭാഗത്തും കാട്ടുതീ പടർന്നിരിക്കുന്ന സാഹചര്യത്തിൽ യെല്ലോനൈഫ് നഗരത്തിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സുരക്ഷയ്ക്കായി ലഭ്യമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തുവാനും ഈ പ്രഖ്യാപനത്തിലൂടെ അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. വാഹന സൗകര്യം, താത്കാലിക താമസം, പലായനം ചെയ്യുന്നതിനുള്ള സഹായം, അടിയന്തര ഘട്ടത്തിൽ സഹായത്തിനായി സമീപിക്കാവുന്നവരുടെ വിവരങ്ങൾ എന്നിവ തയ്യാറാക്കാൻ പൊതുജനങ്ങൾക്ക് ഇതിലൂടെ സാധിക്കും.
യെല്ലോനൈഫ് നഗരത്തിന് നേരിട്ടുള്ള ഭീഷണിയില്ലെങ്കിലും, പുക നിറഞ്ഞ അന്തരീക്ഷവും പലായനം ചെയ്യാനുള്ള വെല്ലുവിളികളും കാരണമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാർത്താവിനിമയ സംവിധാനങ്ങളെ കാട്ടുതീ ബാധിച്ചതിനേത്തുടർന്ന് സൈനിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കനേഡിയൻ സായുധ സേന (CAF) 124 സൈനികരെയും ഒരു ഹെലികോപ്റ്ററും ഒരു ട്വിൻ ഓട്ടർ വിമാനവും തീ കെടുത്തുവാനും ലോജിസ്റ്റിക്കൽ സപ്പോർട്ടിനുമായി വിന്യസിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേയ്ക്കാണ് സായുധ സേനയുടെ ഈ പദ്ധതി. തീപിടിത്തം കാരണം, ഹൈവേകൾ അടച്ചിടുകയും പല കമ്മ്യൂണിറ്റികളും ഒഴിഞ്ഞുപോകാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒഴിപ്പിക്കൽ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി അധികാരികൾ ശ്രമിക്കുകയാണ്. വിമാനമാർഗവും ആളുകളെ മാറ്റുന്നുണ്ട്.