ചുട്ടുപൊള്ളാന്‍ കാല്‍ഗറി; ബീസിയില്‍ ഹീറ്റ് വേവ് ആഞ്ഞടിക്കുന്നു 

By: 600002 On: Aug 14, 2023, 1:27 PM

 

 

തിങ്കളാഴ്ച മുതല്‍ കാല്‍ഗറിയില്‍ ഉയര്‍ന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഞായറാഴ്ച വൈകുന്നേരം നല്‍കിയ മുന്നറിയിപ്പ് അനുസരിച്ച്, തിങ്കളാഴ്ച ഉച്ചയോടെ കാല്‍ഗറിയിലെ താപനില ഏകദേശം 30 ഡിഗ്രി സെല്‍ഷ്യല്‍ ആയിരിക്കും. വൈകുന്നേരവും രാത്രിയും താപനില 13 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നുമാണ് പ്രവചനം. ആഴ്ച അവസാനത്തോടെ താപനില കുറഞ്ഞേക്കുമെന്നും തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. 

അതേസമയം, ബീസിയില്‍ താപതരംഗം ആരംഭിച്ചു. ഈ ആഴ്ച മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചൂട് തരംഗമാണ് ബീസിയില്‍ അനുഭവപ്പെടുന്നത്. 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ബീസിയില്‍ സൗത്ത് കോസ്റ്റ് മേഖലയില്‍ ചൂട് മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ പ്രദേശത്ത് മുന്നറിയിപ്പ് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. 

ചില പ്രദേശങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നതിനാല്‍ ജനങ്ങള്‍ ധാരാളം വെള്ളം കുടിക്കണമെന്നും വീടിന് വെളിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കണമെന്നും എമര്‍ജന്‍സി മാനേജ്‌മെന്റ് മിനിസ്റ്റര്‍ ബോവിന്‍ മായെ നിര്‍ദ്ദേശിച്ചു.