കാല്‍ഗറിയില്‍ മാര്‍ക്കറ്റ് മാളിലെ വെടിവെപ്പ്: ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു 

By: 600002 On: Aug 14, 2023, 10:30 AM

 


കാല്‍ഗറിയില്‍ മാര്‍ക്കറ്റ് മാളിലെ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.14 ഓടെ ആപ്പിള്‍ സ്റ്റോറിന് സമീപമുള്ള സൗത്ത് പാര്‍ക്കിംഗ് ലോട്ടിലാണ് വെടിവയ്പ്പുണ്ടായത്. പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ വെച്ചാണ് വെടിയേറ്റതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന് ചുറ്റും നിലത്ത് നിന്ന് ഒന്നിലധികം ബുള്ളറ്റ് കേസിംഗുകള്‍ പോലീസ് കണ്ടെടുത്തു. വെടിയേറ്റ് പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെക്കുറിച്ച് കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വെടിവയ്പ്പ് നടക്കുമ്പോള്‍ പ്രദേശത്ത് കണ്ട വെളുത്ത 2015-16 മോഡല്‍ വോള്‍വോ XC60 ഡ്രൈവറെ പോലീസ് തിരയുകയാണെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.