കാട്ടുതീ: നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസില്‍ കനേഡിയന്‍ സായുധ സേനയെ വിന്യസിച്ചു 

By: 600002 On: Aug 14, 2023, 9:23 AM

 


നിരവധി കമ്മ്യൂണിറ്റികളില്‍ കാട്ടുതീ അനിയന്ത്രിതമായി പടര്‍ന്നു പിടിച്ചതോടെ നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസിലും ആല്‍ബെര്‍ട്ടയിലും കനേഡിയന്‍ സായുധ സേനയെ(CAF)  വിന്യസിച്ചു. കാട്ടുതീയെ ചെറുക്കാനുള്ള ബുദ്ധിമുട്ട് കാരണം പ്രവിശ്യ സര്‍ക്കാരുകള്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദേശീയ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ അറിയിച്ചു. 

അഗ്നിശമന ശ്രമങ്ങള്‍, വ്യോമ ഗതാഗതം, ആസൂത്രണം, ഏകോപനം, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഉദ്യോഗസ്ഥരെ സേന സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രവിശ്യകളെ സഹായിക്കാന്‍ തയാറാണെന്ന് എമര്‍ജന്‍സി പ്രിപ്പര്‍ഡ്‌നസ്സ് മിനിസ്റ്റര്‍ ഹര്‍ജിത് സജ്ജന്‍ അറിയിച്ചിരുന്നു. 

വര്‍ധിച്ചുവരുന്ന കാട്ടുതീ ഭീഷണിയെത്തുടര്‍ന്ന്, നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസിലെയും ആല്‍ബെര്‍ട്ടയിലെയും നിരവധി കമ്മ്യൂണിറ്റികളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കിയിരുന്നു. നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസിലെ ഫോര്‍ട്ട് സ്മിത്ത് പട്ടണത്തില്‍ ശനിയാഴ്ച പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസിലെ മറ്റ് പ്രദേശങ്ങളായ നോര്‍ത്ത് പ്രോസ്പറസ് ലേക്ക്, നോര്‍ത്ത് പ്രെലൂഡ് ലേക്ക് എന്നിവടങ്ങളിലും ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ട്.