ഭവന വില കുതിക്കുന്നു: ഒന്റാരിയോ മേയര്‍ക്ക് പോലും വീടെന്നത് സ്വപ്‌നം മാത്രമാകുന്നു 

By: 600002 On: Aug 14, 2023, 9:02 AM

ഒന്റാരിയോയിലെ വില്‍മോട്ട് ടൗണ്‍ഷിപ്പിനെ നയിക്കുന്ന മേയര്‍ നടാഷ സലോനന്‍ പറയുന്നത് തനിക്ക് പോലും ഒരു വീട് വാങ്ങുകയെന്നത് സ്വപ്‌നം മാത്രമായി മാറുകയാണ് എന്നാണ്. പ്രവിശ്യയില്‍ കുതിക്കുന്ന ഭവന വിലയില്‍ നട്ടം തിരിയുന്ന ജനങ്ങളില്‍ ഒരാളാണ് താനെന്ന് മേയര്‍ പറയുന്നു. മേയര്‍, റീജിയണല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ താന്‍ ചെയ്യുന്ന ജോലിക്കിടയില്‍ പ്രതിവര്‍ഷം 90,000 ഡോളര്‍ സമ്പാദിച്ചിട്ടും താന്‍ നയിക്കുന്ന മുനിസിപ്പാലിറ്റിയില്‍ ഒരു വീട് വാങ്ങാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ പറയുന്നു. ഇപ്പോഴും മാതാപിതാക്കളുടെ കൂടെയാണ് താന്‍ താമസിക്കുന്നത്. തനിക്ക് പോലും താങ്ങാനാകുന്ന വിലയ്ക്ക് വീട് വാങ്ങിക്കാന്‍ കഴിയുന്നില്ലെങ്കില്‍ യൂണിവേഴ്‌സിറ്റ് ഡെറ്റ് ഉള്ള യുവ പ്രൊഫഷണലുകള്‍ക്ക് വീട് വാങ്ങിക്കാന്‍ പ്രയാസകരമാണെന്ന് സലോനെന്‍ പറയുന്നു. 

കിച്ചനര്‍-വാട്ടര്‍ലൂവിന് പുറത്ത് സ്ഥിതി ചെയ്യുന്ന വില്‍മോട്ട് ടൗണ്‍ഷിപ്പില്‍ ഏകദേശം 22,000 ആണ് ജനസംഖ്യ. വാട്ടര്‍ലൂ റീജിയന്‍ അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്‌സിന്റെ കണക്കനുസരിച്ച്, വില്‍മോട്ടിലെ ശരാശരിയൊരു വീട് കഴിഞ്ഞമാസം 916,167 ഡോളറിനാണ് വിറ്റുപോയത്. സലോനെനിന് 28 വയസ് മാത്രമാണ് പ്രായം. അവരുടെ ഒപ്പമുള്ള രാഷ്ട്രീയക്കാര്‍ക്കിടയില്‍ സലോനിന്റെ ജീവിതം ഏറെ വ്യത്യസ്തമാണ്. 

അതേസമയം, വില്‍മോട്ടിലെ സ്ഥിതി ആശ്ചകര്യമല്ലെന്ന് റിയല്‍റ്ററായ ഷോണ്‍ രമ്യൂട്ടര്‍ പ്രതികരിക്കുന്നു. മേയര്‍ക്ക് പോലും വീട് കിട്ടാനില്ലെന്നത് അത്ഭുതപ്പെടുത്തുന്നില്ല. കാരണം വില കുത്തനെ വര്‍ധിക്കുകയാണ്. അഫോര്‍ഡബിളായ വീട് എവിടെയും പെട്ടെന്ന് ലഭിക്കാനില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.