ജി 20 യോഗത്തിൽ കാലാവസ്ഥാ ധനസഹായമുൾപ്പെടെ ഫണ്ടുകൾ ഇന്ത്യ ഏറ്റെടുക്കുമെന്ന് ഡോ. എസ് ജയശങ്കർ

By: 600021 On: Aug 13, 2023, 6:10 PM

വരാനിരിക്കുന്ന ജി-20 മീറ്റിംഗിൽ കാലാവസ്ഥാ ധനസഹായം സംബന്ധിച്ച പ്രശ്‌നങ്ങൾ മുന്നോട്ട് വയ്ക്കണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. പ്രതിജ്ഞ പാലിക്കുന്നതിൽ പരാജയപ്പെട്ട പല വികസിത രാജ്യങ്ങളും തങ്ങളുടെ അപാകതകൾ പരിഹരിക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ജയ്ശങ്കർ പറഞ്ഞു. ഫണ്ടിന്റെ അഭാവത്താൽ പല വികസ്വര രാജ്യങ്ങളും കാലാവസ്ഥാ ധനസഹായം ഉൾപ്പെടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ദൃഢവും ദേശീയതാൽപ്പര്യം ഊട്ടിയുറപ്പിക്കുന്നതുമായ സമീപനത്തോടെയാണ് ഇന്ത്യ ലോകത്തോട് ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ചില ആശയപരമായ കാരണങ്ങളാൽ പലപ്പോഴും രാജ്യത്തിന്റെ താൽപര്യങ്ങൾ ബലികഴിക്കപ്പെടാറുണ്ടെന്നും പറഞ്ഞു. ഭീകരതയെ നിയമവിരുദ്ധമാക്കുകയാണ് ഇപ്പോൾ ഇന്ത്യൻ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവെന്നും ഭീകരതയോട് സഹിഷ്ണുത കാണിക്കാത്ത ഇന്ത്യയാണ് ഇപ്പോൾ ലോകം കാണുന്നതെന്നും മന്ത്രി പറഞ്ഞു.