ജനങ്ങൾ ഹർ ഘർ തിരംഗ പ്രചാരണം പിന്തുണയ്ക്കണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി.

By: 600021 On: Aug 13, 2023, 5:16 PM

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനങ്ങൾ വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരന്മാരിൽ ദേശസ്നേഹം വളർത്തുന്നതിനുള്ള ഹർ ഘർ തിരംഗ ക്യാമ്പയിൻ ഇന്ന് ആരംഭിച്ചു. തിരംഗ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവിനെ പ്രതികപ്പെടുത്തുന്നുവെന്നും ത്രിവർണ പതാകയുമായുള്ള ഓരോ ഇന്ത്യക്കാരൻ്റെയും വൈകാരിക ബന്ധം ദേശീയ പുരോഗതിക്കായുള്ള കഠിനാധ്വാനത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളോട് hargartiranga.com എന്ന വെബ്സൈറ്റിലൂടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിച്ച പ്രധാനമന്ത്രി ഹർ ഘർ തിരംഗ പ്രസ്ഥാനത്തിൻറെ ആവേശത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഡിപി മാറ്റണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ സർക്കാർ ഹർ ഘർ തിരംഗ ആഘോഷിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ദേശീയ പതാകകൾ തപാൽ വകുപ്പ് വഴി വിതരണം ചെയ്യും. ഈ വർഷം രണ്ടുകോടി 50 ലക്ഷം പതാകകൾക്കാണ് തപാൽ വകുപ്പ് അപേക്ഷ നൽകിയിട്ടുള്ളതെന്നും 55 ലക്ഷം പതാകകൾ ഇതിനകം പോസ്റ്റ് ഓഫീസുകൾ വഴി അയച്ചിട്ടുണ്ടെന്നും കൾച്ചറൽ സെക്രട്ടറി ഗോവിന്ദ് മോഹൻ അറിയിച്ചു.