തീപിടിക്കാന്‍ സാധ്യത: മൂന്ന് കിയ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ച് ട്രാന്‍സ്‌പോര്‍ട്ട് കാനഡ 

By: 600002 On: Aug 12, 2023, 12:06 PM


തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കിയ മോട്ടോഴ്‌സിന്റെ മൂന്ന് മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ച് ട്രാന്‍സ്‌പോര്‍ട്ട് കാനഡ. 2023 മോഡല്‍ കിയ സോള്‍, സ്‌പോര്‍ട്ടേജ്, സെല്‍റ്റോസ് എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച മോഡലുകളില്‍ 10,757 കാറുകള്‍ കാനഡയില്‍ വിറ്റതായി ട്രാന്‍സ്‌പോര്‍ട്ട് കാനഡ പറയുന്നു. 

തീപിടുത്ത സാധ്യതയുള്ളതിനാല്‍ തിരിച്ചുവിളിച്ച മോഡലികളിലുള്ള കാറുകള്‍ കെട്ടിടങ്ങളില്‍ നിന്ന് മാറ്റി പാര്‍ക്ക് ചെയ്യാന്‍ കമ്പനി ഡ്രൈവര്‍മാരെ അറിയിച്ചിട്ടുണ്ട്. ചില ഇലക്ട്രിക് ഘടകങ്ങള്‍ അമിതമായി ചൂടാവുകയും ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാവുകയും ചെയ്യുന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി. 

തിരിച്ചുവിളിച്ച വാഹനങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ വാഹനം പരിശോധനയ്ക്കായി ഡീലര്‍ഷിപ്പില്‍ എത്തിക്കാനും, ആവശ്യമെങ്കില്‍ ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കാനും കമ്പനി അറിയിച്ചു.