സൈബര്‍ ആക്രമണം: ആല്‍ബെര്‍ട്ടയില്‍ ആയിരക്കണക്കിനാളുകളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ന്നതായി സൂചന 

By: 600002 On: Aug 12, 2023, 11:52 AM

 

ആല്‍ബെര്‍ട്ടയില്‍ കഴിഞ്ഞ മാസം ഗവണ്‍മെന്റ് സര്‍വീസ് പ്രവൈഡറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 1.4 മില്യണ്‍ ജനങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ന്നതായി ആല്‍ബെര്‍ട്ട ഡെന്റല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി ഒരു തേഡ് പാര്‍ട്ടി ആക്‌സസ് ചെയ്തതായി എഡ്മന്റണ്‍ ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കി. ജൂലൈ 26 ന് നടന്ന ഡാറ്റാ ലംഘനത്തില്‍ ഇടപാടുകാര്‍, കാര്‍ഡ് ഉടമകള്‍, ബ്രോക്കര്‍മാര്‍, ഹെല്‍ത്ത് ബെനിഫിറ്റ് പ്രൊവൈഡര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ ചോര്‍ന്നു. ക്വിക്ക്ഗാര്‍ഡ് എന്ന ഐടി കമ്പനി ലംഘനം കണ്ടെത്തി ഉടന്‍ തന്നെ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കി. എല്ലാവരുടെയും ഡാറ്റകള്‍ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. 

സംഭവത്തിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് സമഗ്രമായ ഫോറന്‍സിക് അന്വേഷണം നടത്തുന്നതിനും പരിഹാരം കാണുന്നതിനും ക്വിക്ക്ഗാര്‍ഡ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.