കാനഡയില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ടാക്‌സ് ഫ്രീ ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ട് ആളുകള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യാമാക്കാന്‍ സഹായിക്കുന്നുവെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. കനേഡിയന്‍ പൗരന്മാര്‍ക്കും രാജ്യത്തെത്തുന്ന കുടിയേറ്റക്കാര്‍ക്കും ഒരുപോലെ രാജ്യത്ത് വീട് കണ്ടെത്തുക എന്നത് പ്രയാസകരമാണ്. വീട് കണ്ട് ഇഷ്ടപ്പെട്ടാലും വാടകയും വിലയും ഉയര്‍ന്നതായിരിക്കും. അതിനാല്‍ പലര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 15 വര്‍ഷത്തിനുള്ളില്‍ അവരുടെ ആദ്യ ഡൗണ്‍പേയ്‌മെന്റിനായി പ്രതിവര്‍ഷം 8,000 ഡോളര്‍ വരെ(ആയുഷ്‌കാല പരിധി 40,000 ഡോളര്‍ വരെ) കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നതിനായുള്ള രജിസ്റ്റര്‍ ചെയ്ത സേവിംഗ്‌സ് അക്കൗണ്ടാണിത്.
രാജ്യത്ത് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വഴി 2023 ഏപ്രില്‍ 1 മുതല്‍ ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ട് ലഭ്യമായിത്തുടങ്ങി. ഇത് ഇപ്പോള്‍ ഏഴ് ബാങ്കുകളില്‍ ലഭ്യമാണ്. ഇത് കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍.