കാനഡയില്‍ ശരാശരി വാടകനിരക്ക് ജൂലൈയില്‍ പുതിയ റെക്കോര്‍ഡിലെത്തിയതായി Rentals.ca യുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വാടക നിരക്ക് 8.9 ശതമാനം വര്‍ധിച്ച് 2,078 ഡോളറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണിനും ജൂലൈയ്ക്കും ഇടയില്‍ മാത്രം, ശരാശരി വാടക 1.8 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള മാസത്തെ വര്‍ധനവാണിതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി വാടക 21 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
വന്‍തോതില്‍ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ വാടകകരാര്‍ ഒപ്പിട്ടതാണ് ശരാശരി വാടകയിലെ വര്‍ധനവിന് കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ രാജ്യത്തേക്കെത്തും. ഇവര്‍ താമസിക്കാനുള്ള വീട് കണ്ടെത്തുകയും വാടകക്കരാറില്‍ ഒപ്പുവെക്കുകയും ചെയ്യുന്നു. ഇത് വഴി ജനസംഖ്യാ വളര്‍ച്ചയും ഉണ്ടാകും. ജനങ്ങള്‍ വര്‍ധിക്കുന്നതോടെ പാര്‍പ്പിടങ്ങള്‍ കൂടുതലായി ആവശ്യമായി വരും. വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ ഉയര്‍ന്ന നിരക്കില്‍ ആളുകള്‍ വാങ്ങുകയും ചെയ്യും.