കൂടുതല്‍ കുടിയേറ്റക്കാര്‍ ഇല്ലാതെ കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ കഴിയില്ലെന്ന് മന്ത്രി മാര്‍ക്ക് മില്ലര്‍ 

By: 600002 On: Aug 12, 2023, 10:24 AM

 


പുതിയ കുടിയേറ്റക്കാര്‍ ഇല്ലാതെ കാനഡയില്‍ കൂടുതല്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ സാധ്യമല്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. പാര്‍പ്പിട പ്രതിസന്ധിക്ക് കുടിയേറ്റം വര്‍ധിക്കുക എന്നതാണ് പരിഹാരം. ഇത് ഭവന നിര്‍മാണം കൂടുതല്‍ ചിലവ് കുറഞ്ഞതാക്കുകയും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പാര്‍പ്പിട പ്രതിസന്ധിയുടെ പേരില്‍ കുടിയേറ്റം കുറയ്ക്കില്ലെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ കുടിയേറ്റക്കാര്‍ പാര്‍പ്പിട പ്രതിസന്ധി വര്‍ധിപ്പിക്കുന്നുവെന്ന ബാങ്ക് ഓഫ് കാനഡയുടെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ രാജ്യത്തെ പുതിയ കുടിയേറ്റക്കാരുടെ എണ്ണം 5,00,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മില്ലര്‍ പറഞ്ഞു. 

കാനഡയിലേക്കുള്ള പുതിയ കുടിയേറ്റക്കാരില്‍ 60 ശതമാനവും സാമ്പത്തിക കുടിയേറ്റക്കാരാണെന്നും അവരില്‍ പലരും കൂടുതല്‍ ഭവന നിര്‍മാണത്തിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളാണെന്നും മില്ലര്‍ വ്യക്തമാക്കി. ഒന്റാരിയോ പോലുള്ള പ്രവിശ്യകള്‍ക്ക് അവരുടെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാന്‍ 100,000 തൊഴിലാളികള്‍ ആവശ്യമുള്ളതിനാല്‍, കനേഡിയന്‍ ജനതയ്ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതിന് കുടിയേറ്റം ശക്തമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.