ഇന്ന് ലോക ഗജദിനം

By: 600021 On: Aug 12, 2023, 9:32 AM

ഇന്ന് ലോക ഗജദിനം. ഏഷ്യൻ- ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നതിനും അവയുടെ സംരക്ഷണത്തിനുമായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആനകളോടുള്ള ക്രൂരതയും ആനക്കൊമ്പിന് വേണ്ടിയുള്ള വേട്ടയാടലുമൊക്കെ തുടരുന്നതിനിടെയാണ് മറ്റൊരു ആന ദിനം കൂടിയെത്തിയിരിക്കുന്നത്.ആനകളുടെ സംരക്ഷണം കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ്. ജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ആനകൾക്ക് പ്രാധാന പങ്കുണ്ട്. ആനകളുടെ ഭക്ഷണശീലം ഇടതൂർന്ന സസ്യജാലങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിക്കുകയും ഈ വിടവുകൾ പുതിയ സസ്യങ്ങൾക്ക് വളരാനും മറ്റ് ചെറിയ മൃഗങ്ങൾക്ക് വഴികൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്നു. ആനകൾ ഭക്ഷണമാക്കുന്ന സസ്യങ്ങളിൽനിന്നും വിത്തുകൾ നിറഞ്ഞ പിണ്ഡങ്ങൾ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ സസ്യങ്ങളുടെ വിത്ത് വിതരണം സുഗമമാക്കുന്നു. മണ്ണിന്റെ ഫലഫുഷ്ടി വർധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആന പിണ്ഡങ്ങൾ ചെറുസസ്യങ്ങൾക്കും സൂക്ഷജീവികൾക്കും വിവിധ ജീവികളുടെ ലാർവ്വകൾക്കും വളരാൻ അവസരമൊരുക്കുന്നു.

കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവരാണ് ഈ ദിനാഘോഷങ്ങൾക്ക് പിന്നിൽ.