ക്രിമിനൽ നിയമം: പരിഷ്കരിച്ച ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

By: 600021 On: Aug 12, 2023, 2:00 AM

ലോക്സഭയിൽ രാജ്യവിരുദ്ധ പ്രവൃത്തികളുടെ നിര്‍വചനം പുതുക്കി ബില്ലുകൾ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരതീയ ന്യായ സംഹിതയിലെ 150ാം വകുപ്പായ രാജ്യദ്രോഹക്കുറ്റത്തെ 'വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നത്' എന്നാണ് പുതുക്കി നിർവചിച്ചിരിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടാൽ ജീവപര്യന്തം തടവോ അല്ലെങ്കിൽ 7 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷയായി ലഭിക്കും. രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടതാണെന്നും കേസെടുക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും മെയ് 11ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭേദഗതി വരുത്തിയാൽ രാജ്യദ്രോഹ കുറ്റം നിലനിര്‍ത്താമെന്ന നിയമകമ്മീഷൻ ശുപാര്‍ശയെത്തുടർന്നാണ് ശിക്ഷയുടെ കടുപ്പം കൂട്ടി പുനരാവിഷ്കരിച്ചത്. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങളെ അവതരിപ്പിച്ചത്. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരം വന്ന പുതിയ നിയമം കോടതികളിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നീതി ഉറപ്പിക്കാനുമാണെന്ന് അമിത് ഷാ വ്യക്തമാക്കി. 

പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടെ അവതരിപ്പിച്ച ബിൽ ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകുന്നതും, കൂട്ട ബലാത്സംഗത്തിന് 20 വർഷം തടവും, കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും നീട്ടി. സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും വ്യവസ്ഥ ചെയ്തു. അധികാരപരിധി പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും കേസ് നൽകാമെന്നും, രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റാമെന്നും, പരാതി ലഭിച്ച് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് പരാതിക്കാരന് നൽകണമെന്നും ബില്ല് അനുശാസിക്കുന്നു.