ഫെഡറല്‍ സര്‍ക്കാരിന്റെ ക്ലീന്‍ ഇലക്ട്രിസിറ്റി നയത്തിനെതിരെ ആല്‍ബെര്‍ട്ട സര്‍ക്കാര്‍

By: 600002 On: Aug 11, 2023, 11:39 AM

 


അന്തരീക്ഷ മലിനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ക്ലീന്‍ ഇലക്ട്രിസിറ്റി നയത്തിനെതിരെ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ രംഗത്ത്. ട്രൂഡോയുടെ നയം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും നയം പ്രവിശ്യ നിരസിക്കുന്നതായും ആല്‍ബെര്‍ട്ട എണ്‍വയോണ്‍മെന്റ് മിനിസ്റ്റര്‍ റെബേക്ക ഷോള്‍സ് പറഞ്ഞു. 2035 ഓടെ നെറ്റ് സീറോ ഗ്രിഡിലെത്തുന്നത് സംബന്ധിച്ചുള്ള അഫോര്‍ഡബിളിറ്റിയുമായി ബന്ധപ്പെട്ട ആശങ്കകളും യാഥാര്‍ത്ഥ്യബോധമില്ലാത്ത സമയക്രമങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. 

കരട് ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധവും നിരുത്തരവാദപരവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണ്. മാത്രമല്ല, പ്രവിശ്യയിലെ ജനങ്ങള്‍ക്കും കാനഡയിലുടനീളമുള്ളവര്‍ക്കും അഫോര്‍ഡബിളിറ്റി ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഷോള്‍സ് കൂട്ടിച്ചേര്‍ത്തു. 
നയം പ്രവിശ്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച് ഫെഡറല്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയാറെടുക്കുകയാണെന്ന് ഷോള്‍സ് വ്യക്തമാക്കി. പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ഇലക്ട്രിസിറ്റി അഫോര്‍ഡബിളാക്കുന്നതിന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അതിന്റേതായ പാത സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രിഡിലെത്തുകയെന്ന ആല്‍ബെര്‍ട്ടയുടെ ലക്ഷ്യത്തിലെത്താന്‍ മതിയായ നടപടികള്‍ സ്വീകരിക്കും. 

വൈദ്യുതി ഉല്‍പ്പാദനവും വിതരണവും പ്രവിശ്യാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ ഫെഡറല്‍ സര്‍ക്കാരിന്റെ നയം വൈദ്യുതി നിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ വിശദീകരണം.