മൗയിയില്‍ ദുരന്തം വിതച്ച് കാട്ടുതീ; 53 മരണം; യാത്രാ വിലക്കേര്‍പ്പെടുത്തി കാനഡ 

By: 600002 On: Aug 11, 2023, 9:44 AM

 

ഹവായ് ദ്വീപായ മൗയിയില്‍ വ്യാപിക്കുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 53 ആയതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാട്ടുതീ മൗയിയില്‍ വന്‍ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം എന്നാണ് വ്യാഴാഴ്ച ഗവര്‍ണര്‍ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്. തീപിടുത്തത്തെ വന്‍ദുരന്തമായി യുഎസും പ്രഖ്യാപിച്ചു. കാട്ടുതീയെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ ദ്വീപില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു. പതിനായിരത്തോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്വീപില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എല്ലാം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ചൊവ്വാഴ്ച മൗയിയില്‍ കുറഞ്ഞത് നാല് കാട്ടുതീയെങ്കിലും പടര്‍ന്നതാണ് വന്‍ ദുരന്തത്തിന് കാരണമായത്. കനത്ത കാറ്റ് നാശം വിതയ്ക്കാന്‍ കാരണമായി. 

അതേസമയം, കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ മൗയിയിലേക്കുള്ള യാത്രയ്ക്ക് കാനഡ നിയന്ത്രണം ഏര്‍പ്പെടുത്തി. മൗയിയിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കാനും ദ്വീപില്‍ ദുരന്തബാധിതരായ കനേഡിയന്‍ പൗരന്മാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക വാര്‍ത്തകളും കാലാവസ്ഥ റിപ്പോര്‍ട്ടുകളും നിരീക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.