ആല്‍ബെര്‍ട്ടയില്‍ വായുവില്‍ അമിതമായി പൂപ്പല്‍ സാന്നിധ്യം; അലര്‍ജികള്‍ വര്‍ധിക്കുന്നു 

By: 600002 On: Aug 10, 2023, 12:18 PM

 

ആല്‍ബെര്‍ട്ടയില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് പൂപ്പല്‍ മൂലമുണ്ടാകുന്ന അലര്‍ജി. തുമ്മല്‍, ചൊറിച്ചില്‍, തൊണ്ടവേദന തുടങ്ങിയവയാണ് അലര്‍ജി മൂലമുണ്ടാകുന്നവ. ഇത് സമ്മര്‍സീസണില്‍ സാധാരണയായി ഉണ്ടാകുന്നതാണെന്ന് പറഞ്ഞ് തള്ളിക്കളേയെണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വായുവില്‍ പടരുന്ന പൂപ്പലാണ് അലര്‍ജിക്ക് കാരണമാകുന്നത്. എഡ്മന്റണില്‍ ഇത് കൂടുതലാണ്. മഴ, ചൂടുള്ള കാലാവസ്ഥ, ഉയര്‍ന്ന ഈര്‍പ്പം എന്നിവയാണ് പൂപ്പല്‍ പടരുന്നതിന് അനുയോജ്യമായ കാലാവസ്ഥ. 

അലര്‍ജിയുണ്ടാക്കുന്ന പൂപ്പല്‍ ആല്‍ബെര്‍ട്ടയില്‍ സാധാരണമല്ല. സാധാരണഗതിയില്‍, ഫാള്‍ സീസണിലും സ്പ്രിംഗ് സീസണിലും എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് അലര്‍ജി. ഈ സമയത്ത് പരാഗരേണുക്കള്‍ കൂടുതലായതിനാലാണ് ഇത്. വായുവില്‍ പൂപ്പല്‍ സാന്നിധ്യം കുറഞ്ഞാല്‍ മാത്രമാണ് തുമ്മല്‍, ചൊറിച്ചില്‍ തുടങ്ങിയ അലര്‍ജികള്‍ മാറുകയുള്ളൂ. മാത്രവുമല്ല, പൂപ്പല്‍ സാന്നിധ്യം വര്‍ധിക്കുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ഗുരുതരമാവുകയും ചെയ്യും.