ടൊറന്റോ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ് വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Aug 10, 2023, 11:12 AM

 

 

ടൊറന്റോ പോലീസ് സര്‍വീസ്(TPS)  ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്. പോലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി ഫോണ്‍ വിളിക്കുന്ന തട്ടിപ്പുകാര്‍ ഇരകളുടെ പക്കല്‍ നിന്നും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും ഇരകളുടെ കയ്യിലുള്ള പണം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ തട്ടുകയും ചെയ്യുന്നതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സന്ദര്‍ഭത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലുമാണ് കൂടുതലായും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ഇത് ടൊറന്റോയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 

ഫോണ്‍ വിളിക്കുന്ന തട്ടിപ്പുകാര്‍ ഇരകളുടെ ബാങ്ക്, വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് മറ്റ് തട്ടിപ്പുകളിലേക്ക് കടക്കുന്നു. ഇത് ഇരകളെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വീഡിയോ കോളിലൂടെ ഐഡന്റിറ്റി ഉറപ്പുവരുത്താനും തട്ടിപ്പുകാര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒരിക്കലും ഇത്തരത്തില്‍ ഫോണ്‍ വിളിച്ച് ആരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയോ വീഡിയോ കോള്‍ ചെയ്യുകയോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. പകരം, പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ഒരാളുടെ ഐഡന്റിറ്റി പരിശോധിക്കുകയാണ് ചെയ്യുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.