കാനഡയില്‍ കാലാവസ്ഥാ വ്യതിയാനം അലര്‍ജിയും ആസ്മയും വര്‍ധിപ്പിക്കുന്നു: ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: May 27, 2023, 6:21 AM

 

കാനഡയില്‍ കാലാവസ്ഥാ വ്യതിയാനം ആളുകളില്‍ ചിലയിനം അലര്‍ജികള്‍ ഉണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. രാജ്യത്ത് അലര്‍ജിയും ആസ്മയും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. അത്തരം രോഗാവസ്ഥകള്‍ കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാന്‍കുവറിലെ ഫിസിഷ്യനും കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഫോര്‍ എണ്‍വയോണ്‍മെന്റ്(CAPE) പ്രസിഡന്റുമായ ഡോ. മെലിസ ലെം പറയുന്നു.  വടക്കേ അമേരിക്കയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി  പാളെന്‍ സീസണ്‍(പൂമ്പൊടി) ഏകദേശം മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്നുണ്ട്. ഈ സീസണിലാണ് ഏറ്റവും കൂടുതല്‍ അലര്‍ജി രോഗങ്ങളും ആസ്മയും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലെം ചൂണ്ടിക്കാണിക്കുന്നു. സസ്യങ്ങളില്‍ ഇപ്പോള്‍ മുമ്പുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ പൂമ്പൊടി പുറത്തേക്ക് വരുന്നുണ്ട്. വായുവിലൂടെ പൂമ്പൊടി പടരുമ്പോള്‍ അത് മനുഷ്യരില്‍ വിവിധ അലര്‍ജികള്‍ക്ക് കാരണമാകുന്നു. കനേഡിയന്‍ കമ്പനിയായ എയ്‌റോബയോളജി ശേഖരിച്ച ഡാറ്റയുമായി ആഈ കണക്കുകള്‍ പൊരുത്തപ്പെടുന്നുണ്ട്. പൂമ്പൊടിയും പൂപ്പല്‍ ബീജങ്ങളും പോലുള്ള വായുവിലൂടെ പടരുന്നവ ആസ്മയ്ക്കും കാരണമാകുന്നുവെന്ന് കമ്പനി പറയുന്നു. 

ചൂട് കാലാവസ്ഥയിലാണ് പൂമ്പൊടികള്‍ അന്തരീക്ഷത്തില്‍ കൂടുതലായും പടരുന്നത്. അന്തരീക്ഷത്തില്‍ കാണുന്ന പൂമ്പൊടിയുടെ അളവും കാലാവസ്ഥാ വ്യതിയാനവും പ്രത്യേകിച്ച് ചൂട് കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്ന് എയ്‌റോബയോളജി വക്താവ് ഡാനിയേല്‍ കോട്ട്‌സ് പറയുന്നു. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോടെ അലര്‍ജിയും ആസ്മയും വര്‍ധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളില്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ അലര്‍ജികള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അലര്‍ജി അനുഭവപ്പെടുന്ന ആളുകള്‍ക്കും ഇത് കുറയ്ക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ആസ്മ പോലുള്ള അസുഖങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇരട്ടിയാകും.