കുടിയേറ്റക്കാരുടെ കുടുംബത്തെ കാനഡയിലേക്ക് വേഗത്തിലെത്തിക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ചതായി ഷോണ്‍ ഫ്രേസര്‍ 

By: 600002 On: May 27, 2023, 5:30 AM

 

കാനഡയിലേക്ക് അടുത്തിടെ കുടിയേറിയവരുടെ കുടുംബത്തെ വേഗത്തില്‍ രാജ്യത്തെത്തിക്കുന്നതിനായി പുതിയ സംവിധാനം അവതരിപ്പിച്ചതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍. ഫാമിലി ക്ലാസ് പെര്‍മനന്റ് റെസിഡന്‍സി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള വിസ ആവശ്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് താല്‍ക്കാലിക റസിഡന്റ് വിസയ്ക്ക്(ടിആര്‍വി) അപേക്ഷിക്കാമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍ അറിയിച്ചു. അപേക്ഷ അന്തിമമായി പ്രോസസ് ചെയ്യുമ്പോള്‍ സ്ഥിരതാമസത്തിന് ഭൂരിപക്ഷം പേര്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും, നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പലര്‍ക്കും ഫാമിലി ക്ലാസ് പെര്‍മനന്റ് റെസിഡന്‍സി നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പെര്‍മനന്റ് റെസിഡന്‍സി അപേക്ഷ പ്രോസസ് ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കുള്ള ടിആര്‍വി അപേക്ഷകളുടെ ബാക്ക്‌ലോഗ് ഐആര്‍സിസി ഇല്ലാതാക്കിയതായും ഫ്രേസര്‍ പറഞ്ഞു. 

ഭാര്യഭര്‍ത്താക്കന്മാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടിയുള്ള 98 ശതമാനം അപേക്ഷകള്‍ക്കും ഐആര്‍സിസിയുടെ പുതിയ സമീപനം അംഗീകാരം നല്‍കിയിട്ടുണ്ട്. അതുവഴി അവര്‍ക്ക് അവരുടെ പിആര്‍ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോള്‍ അവരുടെ കുടുംബത്തോടൊപ്പം താമസിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ടിആര്‍വി ആപ്ലിക്കേഷനുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള സമയം 30 ദിവസമായി കുറയ്ക്കുമെന്നും ഫ്രേസര്‍ പറഞ്ഞു. 

വിദേശ വിഭാഗത്തില്‍ ഫാമിലി സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുണ്ടോ(ഔട്ട്‌ലാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്) അല്ലെങ്കില്‍ കാനഡയിലായിരിക്കുമ്പോള്‍(ഇന്‍ലാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്) അപേക്ഷിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അവരുടെ ആശ്രിതരായ കുട്ടികള്‍ക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന പുതിയ നടപടിയും ഐആര്‍സിസി ആരംഭിക്കുമെന്നും ഫ്രേസര്‍ വ്യക്തമാക്കി.