എഡ്മന്റനിൽ കാട്ടുതീയിൽ വ്യാപക നാശനഷ്ടം, പുനർനിർമാണം വെല്ലുവിളിയാകും

By: 600110 On: May 26, 2023, 7:40 PM

 

 

എഡ്മന്റനിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ലിറ്റിൽ റെഡ് റിവർ ക്രീ നേഷനിലെ (LRRCN) ഫോക്‌സ് ലേക്ക് കമ്മ്യൂണിറ്റിയിൽ 100-ലധികം വീടുകളും 200 കെട്ടിടങ്ങളും കത്തി നശിച്ചു. മെയ് 3 ന് 3,700 താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. അവർക്ക് നാട്ടിലേക്ക് മടങ്ങാൻ ഇനിയും ഒരുപാട് മാസങ്ങൾ എടുത്തേക്കാം. കുടിയൊഴിപ്പിക്കപ്പെട്ടവർ നിലവിൽ വിവിധ കമ്മ്യൂണിറ്റികളിൽ താമസിക്കുകയാണ്. ഇവരെ താമസിപ്പിക്കുന്നതിനായി 500 പേരുടെ ഒരു ക്യാമ്പ് തുറക്കാൻ പദ്ധതിയുണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ കമ്മ്യൂണിറ്റിക്ക് വലിയ വെല്ലുവിളിയാണ്. എളുപ്പത്തിൽ ലഭിക്കാവുന്ന അടിസ്ഥാനസൗകര്യങ്ങൾ ഇല്ല എന്നതും, മഞ്ഞുകാലത്ത് ഐസ് നിറഞ്ഞ റോഡിലൂടെ മാത്രമേ ഇവിടേയ്ക്ക് എത്തിച്ചേരാനാകൂ എന്നതും ആശങ്കയുണ്ടാക്കുന്നു.

പുനർനിർമ്മാണത്തിനുള്ള ഉപകരണങ്ങളും വസ്തുക്കളും കൊണ്ടുപോകുന്നതിനായി യു. എസ്സിൽ നിന്ന് ഒരു പുതിയ ബാർജ് കൊണ്ടുവരുന്നുണ്ട്. അതോടൊപ്പം ആസ്ബസ്റ്റോസ് കൈകാര്യം ചെയ്യാൻ പ്രത്യേക തൊഴിലാളികളും ഉപകരണങ്ങളും ആവശ്യമാണ്. വൈദ്യുതി പുനഃസ്ഥാപിക്കലും റോഡ് പുനർനിർമ്മാണവും വലിയ തടസ്സങ്ങളായി നിലനിൽക്കുന്നു. എന്നാൽ ബുദ്ധിമുട്ടുകൾക്കിടയിലും, LRRCN അധികൃതർ ഫോക്സ് ലേക്ക് നിവാസികളുടെ ചെറുത്തുനിൽപ്പിലും ഒരുമിച്ച് നിന്നുകൊണ്ട് എല്ലാം നേരിടാനുള്ള കഴിവിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.