അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്

By: 600084 On: May 26, 2023, 1:29 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക്ക്: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥനമാനിച്ചു വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ കമ്മിറ്റി.

രാഹുൽജിയുടെ പൊതു പരിപാടികളിൽ പ്രവേശനം സൗജന്യമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്തു പങ്കെടുക്കുന്നവർ മുൻകൂട്ടി റെജിസ്റ്റർചെയ്യണമെന്നു ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചിട്ടുണ്ട്.

സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.

മെയ് 30 നു കാലിഫോര്ണിയയിൽ ആരംഭിച്ചു ജൂൺ 4 നു ന്യൂയോർക്കിൽ സമാപിക്കുന്ന രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ  ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ അമേരിക്കയിലെ യു ഡിഎഫ് അനുഭാവികളും കോൺഗ്രസ് പ്രവർത്തകരും സജീവമയി പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്, ശങ്കരപ്പിള്ള എന്നിവർ ഓ ഐ സിസിക്ക് നിർദേശം നൽകിയതായി ജെയിംസ് കൂടൽ പറഞ്ഞു.

ഐഒസി പ്രസിഡൻ്റ് മൊഹീന്ദർ സിംങ്, ജനറൽ സെക്രട്ടറി ഹർബജന്ദർ സിംഗ് എന്നിവരുമായി ന്യൂയോർക്കിൽ  ജെയിംസ് കൂടൽ ചർച്ച നടത്തി. 2024 ൽ നടക്കുന്ന പാർലമെന്റ്  തെരെഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ തുടച്ചുനീക്കാൻ അമേരിക്കയിൽ യോജിച്ച് പ്രവർത്തിക്കാനും അതിനുളള പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനമായി. തോമസ് മൊട്ടയ്ക്കൽ, സുനിൽ കുരമ്പാല, ബിജു ചാക്കോ, തോമസ് സ്റ്റീഫൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.