ബീസിയില്‍ ഇ-ബൈക്ക് വാങ്ങുന്നതിന് റിബേറ്റ് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ 

By: 600002 On: May 26, 2023, 11:07 AM

 

ബ്രിട്ടീഷ് കൊളംബിയയില്‍ ഇ-ബൈക്ക് വാങ്ങുന്നവര്‍ക്ക് റിബേറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജൂണ്‍ 1 മുതല്‍ അര്‍ഹരായവര്‍ക്ക് ഇന്‍കം-ബേസ്ഡ് റിബേറ്റുകള്‍ നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കാറുകള്‍ സ്‌ക്രാപ്പ് ചെയ്യുന്ന ആളുകള്‍ക്ക് 750 ഡോളര്‍ വാഗ്ദാനം ചെയ്യുന്ന മുന്‍കാല റിബേറ്റ് വ്യവസ്ഥയ്ക്ക് പകരമാണ് പുതിയ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം ഒരാള്‍ക്ക് തിരികെ ലഭിക്കുന്ന തുക അവരുടെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. 

38,950 ഡോളറില്‍ താഴെ വരുമാനമുള്ള ആളുകള്‍ക്ക് 1,400 ഡോളര്‍ റിബേറ്റ് ലഭിക്കും. 38,951 ഡോളറിനും 51,130 ഡോളറിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 1,000 ഡോളര്‍ റിബേറ്റ് ലഭിക്കും. 51,130 ഡോളറില്‍ കൂടുതല്‍ സമ്പാദിക്കുന്നവര്‍ക്ക് 350 ഡോളറാണ് റിബേറ്റ് തുക. 

ഇലക്ട്രിക് ബൈക്ക് വാങ്ങുന്നതിന് മുമ്പ് ഒരു റിബേറ്റ് അപേക്ഷ സമര്‍പ്പിക്കുകയും അംഗീകരിക്കുകയും വേണം. കൂടാതെ, ബൈക്ക് പുതിയതും കുറഞ്ഞത് 2,000 ഡോളര്‍ വിലയുള്ളതും അംഗീകാരമുള്ള റീട്ടെയ്‌ലര്‍മാരില്‍ നിന്നും വാങ്ങേണ്ടതുമാണ്. വാങ്ങുന്നയാള്‍ ബൈക്ക് രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കണം. 6 മില്യണ്‍ ഡോളറാണ് റിബേറ്റിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഈ വര്‍ഷം 9,000 പേര്‍ക്ക് വരെ റിബേറ്റ് വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  https://bcebikerebates.ca/