കുടിയേറ്റം വര്‍ധിപ്പിക്കും; സാമ്പത്തിക കുടിയേറ്റക്കാര്‍ ഫ്രഞ്ച് സംസാരിക്കുന്നവരായിരിക്കണമെന്ന് ക്യുബെക്ക് പ്രീമിയര്‍ 

By: 600002 On: May 26, 2023, 8:38 AM

 

പ്രതിവര്‍ഷം 50,000 ത്തിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ക്യുബെക്കിന് ദോഷം ചെയ്യുമെന്ന പ്രസ്താവനകള്‍ക്ക് പിന്നാലെ പ്രവിശ്യയിലെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം 60,000 ആയി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രീമിയര്‍ ഫ്രാന്‍സ്വാ ലെഗോള്‍ട്ട്. ഫെഡറല്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങളെ എതിര്‍ത്ത ക്യുബെക്ക് ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. പ്രവിശ്യയിലെത്തുന്ന സാമ്പത്തിക കുടിയേറ്റക്കാര്‍ ഫ്രഞ്ച് ഭാഷ സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും ലെഗോള്‍ട്ട് ആവശ്യപ്പെടുന്നു. 

ക്യുബെക്കിലേക്കുള്ള കുടിയേറ്റക്കാരില്‍ 65 ശതമാനവും പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ഇമിഗ്രേഷന്‍ സ്ട്രീം വഴിയാണ് എത്തുന്നത്. 2027 ഓടെ കുടിയേറ്റക്കാരുടെ എണ്ണം 60,000 ആയി വര്‍ധിപ്പിക്കുമെന്നാണ് ലെഗോള്‍ട്ട് അറിയിച്ചിരിക്കുന്നത്. കുടിയേറ്റം വര്‍ധിക്കുന്നത് സാമ്പത്തിക സ്ട്രീമിലൂടെ എത്തുന്ന ആളുകളില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാര്‍ ഫ്രഞ്ച് സംസാരിക്കുന്നവരാണെങ്കില്‍ പ്രവിശ്യയുടെ സംസ്‌കാരത്തിനും ഭാഷയ്ക്കും ഭീഷണിയാകില്ലെന്നാണ് ലെഗോള്‍ട്ടിന്റെ വിശദീകരണം. അതിനാല്‍ കുടുംബ പുനരേകീകരണ പരിപാടിയിലൂടെയോ അഭയാര്‍ത്ഥികളായി കുടിയേറുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെയോ താന്‍ പരിഗണിക്കുന്നില്ലെന്നും ഫ്രഞ്ച് ഭാഷ സംസാരിക്കാന്‍ കഴിയുന്ന സാമ്പത്തിക കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.