ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു; ഫയര്‍ ബാന്‍ വെള്ളിയാഴ്ച അവസാനിക്കും 

By: 600002 On: May 26, 2023, 6:57 AM

 

കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം കാട്ടുതീ മിക്ക കമ്മ്യൂണിറ്റികളിലും നിയന്ത്രണവിധേയമായെന്ന് റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് പ്രവിശ്യയുടെ പകുതിയോളം ഭാഗങ്ങളിലും കാട്ടുതീ വ്യാപിപ്പിച്ചിരുന്നു. നിലവില്‍ 55 ഓളം കാട്ടുതീകളാണ് ആല്‍ബെര്‍ട്ടയില്‍ സജീവമായിട്ടുള്ളത്. ഇതില്‍ 16 എണ്ണമാണ് നിയന്ത്രണാതീതമായത്. പ്രവിശ്യയില്‍ മഴ പെയ്തതും തണുത്ത കാലാവസ്ഥയും തീയണക്കുന്നതിന് അഗ്നിശമന സേനയെ സഹായിച്ചു. മെയ് 6 നാണ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് 110 കാട്ടുതീകളാണ് സജീവമായിട്ടുണ്ടായിരുന്നത്. 

ഈ വര്‍ഷം ഇതുവരെ ആല്‍ബെര്‍ട്ടയില്‍ ഏകദേശം 523 കാട്ടുതീകളാണ് വ്യാപിച്ചത്. മൊത്തം ഒരു മില്യണ്‍ ഹെക്ടര്‍ ഭൂമിയാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. സമ്മര്‍ സീസണിലുടനീളം കാട്ടുതീ തുടര്‍ച്ചയായി ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കാട്ടുതീ അണയ്ക്കുന്നതിന് ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളില്‍ നിന്ന് അഗ്നിശമന സേനയ്ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സീസണ്‍ അവസാനിപ്പിച്ചിട്ടില്ലെന്നും അധിക സഹായം ആവശ്യമായി വരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

പ്രവിശ്യയ്ക്ക് പുറത്തു നിന്നും തീയണയ്ക്കാനായി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നിന്ന് 11,350 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഹെര്‍ക്കുലീസ് എയര്‍ ടാങ്കര്‍ ബുധനാഴ്ച ആല്‍ബെര്‍ട്ടയിലെത്തുമെന്ന് അധികൃതര്‍ അറിയിക്കുന്നു. ന്യൂസിലന്‍ഡില്‍ നിന്നും 25 അഗ്നിശമന സേനാംഗങ്ങളും ഓസ്‌ട്രേലിയയില്‍ നിന്ന് 200 അഗ്നിശമന സേനാംഗങ്ങളും ഈയാഴ്ച എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.