നിക്ഷേപകരുടെ നോട്ടം എങ്ങോട്ട്? സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്

By: 600110 On: May 26, 2023, 4:03 AM

 

 

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2020-ൽ കാനഡയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപകർ ഓന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, നോവ സ്‌കോഷ്യ, ന്യൂ ബ്രൺസ്‌വിക്ക് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി പറയുന്നു. പ്രവിശ്യയ്ക്ക് പുറത്തുള്ളവരും പ്രവാസി നിക്ഷേപകരും ഏറ്റവും അധികം ഇടപെട്ടത് നോവ സ്കോഷ്യ, ന്യൂ ബ്രൺസ്‌വിക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളുമായിട്ടാണ്. കുറഞ്ഞ പ്രോപ്പർട്ടി മൂല്യവും വാടക വരുമാനത്തിനുള്ള അവസരവും കാരണം ഈസ്റ്റ് കോസ്റ്റ്, പ്രത്യേകിച്ച് നോവ സ്കോഷ്യ, ന്യൂ ബ്രൺസ്‌വിക്ക് എന്നീ ഇടങ്ങൾ നിക്ഷേപകരെ കൂടുതൽ ആകർഷിച്ചു. എല്ലാ പ്രവിശ്യകളിലെയും വിവിധ തരത്തിലുള്ള നിക്ഷേപകരുമായി താരതമ്യം ചെയ്യുമ്പോൾ പ്രവിശ്യയ്ക്ക് പുറത്തുള്ള നിക്ഷേപകർക്ക് ഉയർന്ന ശരാശരി വരുമാനം ഉണ്ടായി. ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും സാമ്പത്തിക സ്ഥിരതയുള്ളവർക്കും അനുകൂലമായ ഇമിഗ്രേഷൻ പ്രക്രിയ നിലവിലുള്ള സാഹചര്യത്തിൽ കുടിയേറ്റ നിക്ഷേപകർക്ക്, പ്രത്യേകിച്ച് കാനഡയിൽ സ്ഥിരമായി താമസമുറപ്പിച്ച കുടിയേറ്റക്കാർക്ക്, കനേഡിയൻ സ്വദേശികളേക്കാൾ ഉയർന്ന ശരാശരി സ്വത്ത് മൂല്യം ഉണ്ടായിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലും ഓന്റാറിയോയിലും കനേഡിയൻ വംശജരും കുടിയേറ്റക്കാരുമായ നിക്ഷേപകരും തമ്മിലുള്ള വരുമാനത്തിലെ അസമത്വം കൂടുതൽ പ്രകടമായിരുന്നു. നിക്ഷേപകരിൽ 55 വയസും അതിൽ കൂടുതലുമുള്ളവരുടെ അനുപാതമായിരുന്നു കൂടുതൽ. അതേസമയം 35 വയസും അതിൽ താഴെയുമുള്ള നിക്ഷേപകർ 5% മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പാരമ്പര്യമായി ലഭിച്ച സമ്പത്ത് മൂലവും ജീവിതശൈലിയും കാരണമാകാം എന്ന് അനുമാനിക്കുന്നു.