ഡിമെൻഷ്യ ബാധിച്ചവരെ സഹായിക്കുന്നതിനായി പുതിയ റോബോട്ട് വികസിപ്പിച്ച് എൻജിനിയർമാർ

By: 600110 On: May 25, 2023, 7:16 PM

 

 

ഡിമെൻഷ്യ ബാധിച്ച വ്യക്തികളെ സഹായിക്കുന്നതിനായി വാട്ടർലൂ സർവകലാശാലയിലെ എഞ്ചിനീയർമാർ, കാണാതായ വസ്തുക്കൾ കണ്ടെത്തി നൽകുന്ന ഫെച്ച് മൊബൈൽ മാനിപ്പുലേറ്റർ എന്ന റോബോട്ട് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഈ റോബോട്ടിൽ ഒരു ക്യാമറയും ഒരു ഒബ്‌ജക്റ്റ്-ഡിറ്റക്ഷൻ അൽഗോരിതവും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ അതിന്റെ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന നിർദ്ദിഷ്ട വസ്തുക്കളെ കണ്ടെത്തി ട്രാക്കുചെയ്തുകൊണ്ട് ഒരു മെമ്മറി ലോഗ് സൃഷ്ടിക്കുന്നു. ഉപയോക്താക്കൾക്ക് ആവശ്യമുള്ള വസ്തുക്കൾ ട്രാക്ക് ചെയ്യുന്നതിനും റോബോട്ട് ആ വസ്തു അവസാനമായി കണ്ട സ്ഥലവും സമയവും അറിയാനാകുംവിധം ഒരു ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിലൂടെ റോബോട്ടിനെ പ്രോഗ്രാം ചെയ്യാം.

മനുഷ്യനും റോബോട്ടും തമ്മിലുള്ള ഇടപെടലിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കോൺഫറൻസിലാണ് ഗവേഷകർ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ഇതിലൂടെ അവർ ഡിമെൻഷ്യ ബാധിച്ച വ്യക്തികളുടെ സൗകര്യാർത്ഥം കൃത്രിമബുദ്ധിയുള്ള അസിസ്റ്റീവ് റോബോട്ടുകളുടെ സാധ്യതകൾ എടുത്തുകാണിച്ചു. തുടക്കത്തിൽ ഈ സാങ്കേതികവിദ്യയെ ചിലർ ഭയത്തോടെ നോക്കി കാണുമെങ്കിലും ഡിമെൻഷ്യ ബാധിച്ച വ്യക്തികളെ പരിചരിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമായിരിക്കും. ഡിമെൻഷ്യ ബാധിച്ച ആളുകൾക്കിടയിൽ ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് മുമ്പ് വൈകല്യമില്ലാത്ത വ്യക്തികളിൽ കൂടുതൽ പഠനങ്ങൾ നടത്തണം എന്നതാണ് ഗവേഷകരുടെ അടുത്ത കർത്തവ്യം.