ആല്‍ബെര്‍ട്ട തെരഞ്ഞെടുപ്പ്: പ്രചാരണത്തില്‍ പ്രധാന പരിഗണന ആരോഗ്യ പരിരക്ഷ

By: 600002 On: May 25, 2023, 2:03 PM

 

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ആല്‍ബെര്‍ട്ട തെരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥികളും പാര്‍ട്ടികളും പ്രചാരണത്തില്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാനവിഷയം ആരോഗ്യ പരിരക്ഷയാണ്. പ്രവിശ്യയുടെ വിശാലമായ ആരോഗ്യ പരിപാലന സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുകയെന്നതാണ് മത്സരാര്‍ത്ഥികള്‍ പ്രചാരണപരിപാടികള്‍ പ്രധാനമായും പരിഗണിക്കുകയും മുന്നോട്ട് വയ്ക്കുകയും ചെയ്യുന്ന പ്രശ്‌നം. 

യുസിപിയുടെയും എന്‍ഡിപിയുടെയും മത്സരാര്‍ത്ഥികള്‍ക്ക് വിവിധാഭിപ്രായങ്ങളുണ്ടെങ്കിലും ആല്‍ബെര്‍ട്ടയുടെ ആരോഗ്യ സംവിധാനവും ജീവനക്കാരുടെ ക്ഷാമവും നേരിടുന്നതിന് കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്ന് ഇരുപക്ഷവും സമ്മതിക്കുന്നു. ആല്‍ബെര്‍ട്ട പ്രീമിയറും യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് ലീഡറുമായ ഡാനിയേല്‍ സ്മിത്ത് പറയുന്നത് തന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശസ്ത്രക്രിയാ കാത്തിരിപ്പ് സമയം കുറച്ചുവെന്നും പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതോടെ ആംബുലന്‍സ് ലഭിക്കാനുള്ള തടസ്സങ്ങള്‍ നീക്കിയെന്നുമാണ്. 

അതേസമയം, എന്‍ഡിപി നേതാവ് റേച്ചല്‍ നോട്ട്‌ലി സ്മിത്തിന്റെ വാദങ്ങളെ എതിര്‍ത്തു. എമര്‍ജന്‍സി വാര്‍ഡുകളില്‍ കാത്തിരിപ്പ് സമയം മണിക്കൂറുകള്‍ നീണ്ടതായി നോട്ട്‌ലി പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ റെഡ് ഡീര്‍ റീജിയണല്‍ ഹോസ്പിറ്റലില്‍ 11 മണിക്കൂറായിരുന്നു കാത്തിരിപ്പ് സമയമെന്ന് നോട്ട്‌ലി ചൂണ്ടിക്കാണിക്കുന്നു. 

വോട്ടര്‍മാര്‍ പ്രധാനമായും ആഗ്രഹിക്കുന്നതും ഹെല്‍ത്ത് കെയറിലുണ്ടാകുന്ന മാറ്റമാണ്. സുഗമമായ രീതിയില്‍ രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണുവാനും കൃത്യമായ ഫലപ്രദമായ പരിചരണം ലഭ്യമാകാനുമാണ് പ്രവിശ്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനനുസരിച്ച് അവര്‍ അവരുടെ തീരുമാനമെടുക്കുമെന്നുമാണ് പാര്‍ട്ടി നേതാക്കളും മത്സരാര്‍ത്ഥികളും പ്രതീക്ഷിക്കുന്നത്.