ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടം കാനഡയിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 25, 2023, 11:38 AM

 

ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടം കാനഡയിലാണെന്നും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട്. നിലവില്‍ കാനഡയിലെ ഗാര്‍ഹിക കടത്തിന്റെ മുക്കാല്‍ ഭാഗവും മോര്‍ട്ട്‌ഗേജുകളാണ്. യുഎസിലെയും യുകെയിലെയും ഗാര്‍ഹിക കടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി കാനഡയില്‍ ഗാര്‍ഹിക കടം വര്‍ധിച്ചു. ഗാര്‍ഹിക കടം വര്‍ധിക്കുന്നതിന് രാജ്യത്ത് ഉയരുന്ന ഭവന വിലകളാണ് കാരണമെന്ന് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് അലെദ് അബ് ഇയോര്‍വര്‍ത്ത് പറയുന്നു. 

ഈ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം രാജ്യത്ത് വീടുകളുടെ താങ്ങാനാവുന്ന വില മെച്ചപ്പെടുത്തുക എന്നതാണ്. കൂടാതെ ഒന്നുകില്‍ ഭവന വികരണം വര്‍ധിപ്പിച്ചോ അല്ലെങ്കില്‍ രാജ്യത്തെ വാടക സ്‌റ്റോക്ക് പുനര്‍നിര്‍മ്മിച്ചുകൊണ്ട് ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താമെന്നും അലെദ് അബ് ഇയോര്‍വെര്‍ത്ത് വ്യക്തമാക്കി. 

യുഎസില്‍ കടം കുറച്ചപ്പോള്‍, കാനഡയില്‍ കടം വര്‍ധിച്ചു. ഭവന വിപണിയിലെ താങ്ങാനാവുന്ന വിലയെ പ്രതിരോധിച്ചില്ലെങ്കില്‍ ഇത് വര്‍ധിക്കുന്നത് തുടരുമെന്നും ഇയോര്‍വര്‍ത്ത് മുന്നറിയിപ്പ് നല്‍കി. ഇതേ കാലയളവില്‍ യുകെയിലും ജര്‍മ്മനിയിലും ഗാര്‍ഹിക കടം കുറഞ്ഞു. ഇറ്റലിയില്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.