പോസ്റ്റ് മൈഗ്രേഷന്‍ സ്‌ട്രെസ്സ്, തൊഴിലില്ലായ്മ എന്നിവ കുടിയേറ്റക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കും: പഠനം 

By: 600002 On: May 25, 2023, 10:40 AM

 

ഭാവി സുരക്ഷിതമാക്കുവാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുവാനും ഏറെ പ്രതീക്ഷകളോടെയാണ് കാനഡയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കുടിയേറുന്നത്. കുടിയേറ്റക്കാര്‍ക്ക് സഹായകമായി ഫെഡറല്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നുമുണ്ട്. ഈ വര്‍ഷം 465,000 പുതിയ സ്ഥിരതാമസക്കാരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും രാജ്യത്തെത്തുന്നവര്‍ എല്ലാവര്‍ക്കും സന്തോഷകരമായ ജീവിതമായിരിക്കില്ല തുടക്കത്തിലുണ്ടാവുകയെന്ന് പുതിയ പഠനം കണ്ടെത്തിയിരിക്കുകയാണ്. രാജ്യത്തെത്തുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന അമിത പ്രതീക്ഷ ഉത്കണ്ഠയും വിഷാദവുമുണ്ടാക്കുന്നതായി പുതിയ പഠനത്തില്‍ പറയുന്നു. ഡെല്‍ഹൗസി യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്എഡി റിസര്‍ച്ചര്‍ ഇക്ബാല്‍ ചൗധരി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

തൊഴില്‍ വിപണിയിലെ സമ്മര്‍ദ്ദം, സാമൂഹിക സാമ്പത്തിക പിന്തുണയുടെ അഭാവം, വംശീയത, വിവേചനം, കുടിയേറ്റാനന്തര സമ്മര്‍ദ്ദവും അവര്‍ അനുഭവിക്കുന്നവരായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാര്‍ എവിടെ താമസിക്കുന്നുവെന്നതിനെ ആശ്രയിച്ച് അവരുടെ മാനസികനിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. 

കാനഡയില്‍ കൂടുതല്‍ കാലം കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് മാനസികാരോഗ്യം കുറയാനുള്ള സാധ്യത കൂടുതലാണെന്ന് കനേഡിയന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വേയ്‌സ് പറയുന്നു. പഠനത്തില്‍ രാജ്യത്ത് എത്തിയ പുതി കുടിയേറ്റക്കാരുടെ പ്രതികരണങ്ങളും അനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ടൊറന്റോയില്‍ നടക്കുന്ന കാനഡയിലെ ഏറ്റവും വലിയ അക്കാദമിക് സമ്മേളനമായ കോണ്‍ഗ്രസ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസില്‍ അടുത്തയാഴ്ച ചൗധരി തന്റെ ഗവേഷണം അവതരിപ്പിക്കും.